എൻജോയ് എൻജാമി, നീയേ ഒലി എന്നീ പാട്ടുകളുടെ സൃഷ്‌ടാവ് അറിവിനെ പാട്ടുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് റോളിങ് സ്റ്റോൺ മാഗസീൻ ഒഴിവാക്കി എന്ന ആരോപണത്തിൽ പ്രതികരണവുമായി റാപ്പർ ഷാൻ വിൻസെന്റ് ഡി പോൾ.
പാ രഞ്ജിത്തിനെതിരെയും രൂക്ഷവിമർശനം
സംഭവത്തിൽ വിമർശനം ഉന്നയിച്ച സംവിധായകൻ പാ രഞ്ജിത്തിനെതിരെയും രൂക്ഷവിമർശനം നടത്തിയാണ് ഷാൻ വിൻസെന്‍റ് വിശദീകരിച്ചത്. റോളിങ് സ്റ്റോണിലെ ലേഖനം എൻജോയ് എൻജാമിയേയോ നീയേ ഒലിയോയോ സംബന്ധിച്ചുള്ളതല്ലെന്നും സംഭവത്തിൽ പാ രഞ്ജിത്തിന്‍റെ വിമർശനം തമിഴ് കലാകാരന്മാർക്കിടയിൽ വേർതിരിവുണ്ടാക്കി ആളിക്കത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
More Read: കവർ ചിത്രത്തിലും 'അറിവ്' വേണം; റോളിങ് സ്റ്റോണിന്‍റെ പുതിയ ട്വീറ്റിനും വിമർശനം
ധീയും താനും ഒരുമിച്ച് മാജ്ജയ്‌ക്ക് വേണ്ടി ചെയ്യുന്ന ഒരു സ്വതന്ത്ര മ്യൂസിക് ആൽബത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായുള്ള അഭിമുഖവും കവർ ചിത്രവുമായിരുന്നു അത്. എന്നാൽ, വിഷയം തെറ്റിദ്ധരിക്കപ്പെട്ടതും പാ രഞ്ജിത്ത് വിമർശനം ഉന്നയിച്ചതും സംഭവം ആളിക്കത്തിച്ചു. മാധ്യമങ്ങൾ കൂടി പല പല തലക്കെട്ടുകളോടെ വാർത്ത പ്രചരിപ്പിച്ചതും തമിഴ് കലാകാരന്മാർക്കിടയിൽ വിള്ളലുണ്ടാക്കി.
'വിവാദത്തിൽ പലരും എന്‍റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്‌തു. ഞാൻ തമിഴനല്ലെന്നും, നീയേ ഒലിയിൽ എന്‍റെ ഭാഗം വരെ അറിവാണ് എഴുതിയതെന്നും ആരോപണം ഉയർന്നു.
ഇത് രണ്ട് സമുദായങ്ങളെ അനാവശ്യമായി വേർതിരിക്കാനാണ് വഴിവെച്ചത്.' രഞ്ജിത്ത് ന്യായത്തിന് വേണ്ടിയാണ് ശബ്‌ദം ഉയർത്തിയതെങ്കിലും, ആരുടെയെങ്കിലും രാഷ്‌ട്രീയ അജണ്ടകൾക്ക് പണയമാകാൻ താൻ തയ്യാറല്ലെന്നും ഷാൻ വിൻസെന്റ് ഡി പോൾ വ്യക്തമാക്കി.
ഷാൻ വിൻസെന്റ് ഡി പോൾ പ്രസ്‌താവനയിൽ പറഞ്ഞ വാക്കുകൾ
അറിവിന്,
ഞാൻ നിങ്ങളെ എക്കാലവും പിന്തുണയ്ക്കുകയും പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുള്ള നിങ്ങളുടെ അന്വേഷണത്തിന് ഒപ്പം നിൽക്കുകയും ചെയ്യും. ഈ നിമിഷത്തിൽ മാത്രമല്ല, ഇനി എന്നേക്കും അങ്ങനെയായിരിക്കും. നിങ്ങൾ പലർക്കും ഒരു പ്രചോദനമാണ്. നമ്മൾ രണ്ടുപേരും പ്രതിസന്ധികളെ നേരിടുകയും നമ്മളുടെ സമൂഹത്തിന്‍റെ പ്രാതിനിധ്യത്തിനായി ശബ്‌ദിക്കുകയും ചെയ്യുന്നു. നമ്മുടെ മേഖലയിലെ രാഷ്‌ട്രീയത്തിനോ മാധ്യമങ്ങൾക്കോ നമ്മുടെ ഐക്യത്തെ തടയാനാവില്ല.
നമ്മുടെ സംസ്‌കാരത്തിന് നിങ്ങൾ നൽകുന്ന സംഭാവനയും നിങ്ങൾ എഴുതാൻ സഹായിക്കുന്ന ഗാനങ്ങളും അത്രത്തോളം പ്രധാന്യമുള്ളതാണെന്നതിൽ സംശയമില്ല. നിങ്ങളുടെ കഠിനാധ്വാനത്തെ അപകീർത്തിപ്പെടുത്താനോ എടുത്തുമാറ്റാനോ ഞാൻ ഒരിക്കലും ശ്രമിക്കില്ല.
ഈ മേഖലയിൽ എത്തുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഇങ്ങനെ എല്ലാ സാഹചര്യത്തെക്കുറിച്ചും ഒരു ചർച്ച നടത്താനും ഞാൻ ആഗ്രഹിക്കുന്നു; നിങ്ങളുടെ ഉയർച്ചയിൽ പങ്കാളിയാകുന്നതിലും പിന്തുണയ്ക്കുന്നതിലും ഞാൻ പ്രതീക്ഷ വക്കുന്നുണ്ട്.'
എൻജോയി എൻജാമി, നീയേ ഒലി പാട്ടുകളുടെ കവർചിത്രമല്ല മാഗസീനിലേത്
തന്‍റെ 'മേഡ് എൻ ജാഫ്‌ന' എന്ന ആൽബത്തിന്‍റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖമായിരുന്നു ഇതെന്നും തമിഴിലെ ഈലം സമുദായത്തെ പ്രതിനിധീകരിക്കുന്ന ഈ പാട്ടിനായി കഴിഞ്ഞ അഞ്ചു കൊല്ലമായി താൻ പ്രവർത്തിക്കുകയാണെന്നും ഷാൻ വിൻസെന്‍റ് പറഞ്ഞു.
ധീയും അവരുടെ ആദ്യ ഇംഗ്ലീഷ് ആൽബത്തിനായി പ്രവർത്തിച്ചുവരികയാണ്. മാജ്ജ എന്ന മ്യൂസിക് പ്ലാറ്റ്‌ഫോമിലൂടെയുള്ള തങ്ങൾ ഇരുവരുടെയും സ്വതന്ത്ര ആൽബമാണിതെന്നും അദ്ദേഹം വിശദമാക്കി.
രഞ്ജിത്ത് ന്യായത്തിനായി ശബ്‌ദമുയർത്തിയെങ്കിലും, പരിണിതഫലം മറ്റൊന്ന്...
'എന്‍റെ ഏറ്റവും വലിയ പ്രശ്‌നം രഞ്ജിത്തിന്‍റെ ട്വീറ്റും അത് സൃഷ്‌ടിച്ച വിമർശനാത്മക പ്രതികരണങ്ങളുമാണ്. തന്‍റെ സമുദായത്തിന് പ്രാതിനിധ്യം നൽകണമെന്ന അദ്ദേഹത്തിന്‍റെ ന്യായമായ ആവശ്യത്തിൽ, അദ്ദേഹം നിരുത്തരവാദപരമായി തമിഴ് കലാകാരന്മാർക്കിടയിൽ ഭിന്നിപ്പ് ആളിക്കത്തിച്ചു.
യഥാർഥ ലേഖനത്തെ പരാമർശിക്കാതെ ഒരു ദശലക്ഷത്തിലധികം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ് വഴിവച്ചത്. ഞാൻ കവർചിത്രത്തിലുള്ളത് എന്തുകൊണ്ടാണെന്നും അറിവ് അതിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും അല്ലായിരുന്നു ഉള്ളടക്കം, സ്വന്തമായി അതിനൊരു ആഖ്യാനം കൊടുക്കുകയായിരുന്നു അദ്ദേഹം.
ട്വീറ്റിൽ, നീയെ ഒലിയുടെ ഗാനരചയിതാവായി അദ്ദേഹം അറിവിനെ വിശേഷിപ്പിച്ചു, എന്നെയും എന്‍റെ സംഭാവനകളെയും പരാമർശിക്കാതെ വിട്ടു. ഞാനാണ് എന്‍റെ റാപ്പുകൾ എഴുതി, സഹസംവിധാനം ചെയ്‌ത്, വീഡിയോ എഡിറ്റിങ്ങും ചെയ്‌തത്.
തമിഴ് ഭാഗങ്ങൾ എഴുതി അറിവ് തന്‍റെ കഴിവുകളും സംഭാവന ചെയ്‌തു. ഇത് ഒരു കൂട്ടായ പരിശ്രമമായിരുന്നു. എന്നാൽ അറിവിനായി ഒരു കവർചിത്രം ഉണ്ടായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിനുപകരം, ഈ കവറിനെ രാഷ്‌ട്രീയവൽക്കരിക്കാൻ ശ്രമിച്ചത് ഉചിതമല്ല. ഇത് നമുക്കിടയിൽ ഭിന്നത സൃഷ്‌ടിക്കാനാണ് കാരണമായത്.
മാധ്യമങ്ങൾ ഇത് ഏറ്റെടുത്ത്, ആകർഷക തലക്കെട്ടുകൾ നൽകി വാർത്ത പ്രചരിപ്പിച്ചു. പിന്നാലെ, ആളുകൾ എന്‍റെ സ്വഭാവത്തെ ചോദ്യം ചെയ്‌തു, ഞാൻ ശരിക്കും തമിഴനല്ലെന്ന് പറഞ്ഞ് എന്‍റെ വ്യക്തിത്വത്തെ ആക്രമിച്ചു.
More Read: 'എന്‍ജോയ് എന്‍ജാമിയുടെ സ്രഷ്ടാവിനെ അവഗണിക്കുന്നു' ; അറിവിനെ ഒഴിവാക്കുന്നതിനെതിരെ പാ.രഞ്ജിത്ത്
അറിവാണ് എന്‍റെ റാപ്പുകൾ എഴുതിയതെന്നും ഞാൻ അതിന്‍റെ വിജയത്തിന് അർഹനല്ലെന്നും പലരും ആരോപിച്ചു. എല്ലാത്തിനുമുപരി, അത് രണ്ട് തമിഴ് സമുദായങ്ങൾക്കിടയിൽ അനാവശ്യമായ സംഘർഷം സൃഷ്‌ടിച്ചു. നമുക്കിടയിൽ ഈ വിഭജനം ആവശ്യമില്ല.
നീതിക്കും പ്രാതിനിധ്യത്തിനുമുള്ള രഞ്ജിത്തിന്‍റെ ആഹ്വാനം ഞാൻ മനസ്സിലാക്കുന്നുണ്ടെങ്കിലും, ആരുടെയെങ്കിലും രാഷ്‌ട്രീയ അജണ്ടയിൽ ഞാൻ പണയമാകാൻ ഉദ്ദേശിക്കുന്നില്ല.
എല്ലാ കലാകാരന്മാർക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും കഥ പറയാനും ഇടമുണ്ട്. ആരും അതിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. അറിവിന്‍റെയും നാവ്‌സ്-47 (നീയേ ഒലിയുടെ ഗായകരിലൊരാൾ)ന്‍റെയും പാട്ടുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. അതുപോലെ ഒരുപാട് കലാകാരന്മാരെ മാജ്ജയിലൂടെ കാണാൻ ആഗ്രഹിക്കുന്നു.' നമ്മൾ എല്ലാവരും ഇതിൽ ഒരുമിച്ചാണ്. നമ്മുടെ ഭാവി ശോഭനമാണ്, എന്ന ശുഭാപ്‌തി വാക്കുകളോടെയാണ് ഷാൻ വിൻസെന്റ് ഡി പോൾ പ്രതികരിച്ചത്.