സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത വിസ്‌മയയുടെ മരണത്തിൽ പ്രതികരണവുമായി നടി രഞ്ജിനി. സ്ത്രീധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് തന്നെ ഇത്തരം മരണ വാർത്തകൾ വരുന്നുവെന്നതിൽ ദുഃഖമുണ്ടെന്ന് ചിത്രം ഫെയിം രഞ്ജിനി പറഞ്ഞു. സ്‌ത്രീധനമെന്ന ആചാരത്തെ തടയുന്നതിന് പകരം മകൾക്കുള്ള സമ്മാനമെന്ന പേരിൽ മാതാപിതാക്കൾ സ്ത്രീധനം നൽകുന്നതെന്ന് എന്തിനാണെന്ന് മനസിലാവുന്നില്ല എന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം, സ്വർണത്തേക്കാൾ മഹത്തരം വിദ്യാഭ്യാസമാണെന്നും നടി ഫേസ്ബുക്ക് കുറിപ്പിലെഴുതി.
രഞ്ജിനിയുടെ കുറിപ്പ്
'സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങൾ നമ്മുടെ കേരളത്തിൽ കണ്ടുവരുന്നതിൽ സങ്കടമുണ്ട്..... സ്ത്രീധന നിരോധന നിയമം 1961 നിലവിലുള്ളപ്പോഴും മകളുടെ വിവാഹത്തിന് സമ്മാനങ്ങളെന്ന പേരിൽ (സ്വർണം, ഫ്ലാറ്റ്, കാർ, പണം, ഉപകരണങ്ങൾ തുടങ്ങിയവ) വധുവിന്‍റെ കുടുംബം സ്ത്രീധനം നൽകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആരെയാണ് ഇവിടെ കുറ്റപ്പെടുത്തേണ്ടത്- വരനെയോ വധുവിനെയോ?
More Read: സ്ത്രീധനത്തിലെ മരണക്കണക്ക് ; 5 വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 66 യുവതികള്‍ക്ക്
സ്ത്രീധനം ആവശ്യപ്പെടുന്ന ഒരാളെ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നും നിങ്ങളുടെ കുട്ടിയുടെ ജീവിതം നശിപ്പിക്കരുതെന്നും ഞാൻ എല്ലാ മാതാപിതാക്കളോടും ആത്മാർഥമായി അഭ്യർഥിക്കുന്നു. അതിനു പകരം നിങ്ങളുടെ പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുക. വിദ്യാഭ്യാസം സ്വർണത്തേക്കാൾ വിലപ്പെട്ടതാണ്,' രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.