ഡിയേഗോ അര്‍മാന്‍ഡോ മറഡോണ; കാൽപന്തിൽ ഇതിഹാസം സൃഷ്‌ടിച്ച് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ മനസ് കീഴടിക്കിയ അർജന്‍റീനക്കാരൻ വിടവാങ്ങി. കാൽപന്തുകളിയെ നെഞ്ചിലേറ്റിയ കേരളക്കരയ്ക്കും അത് താങ്ങാനാവാത്ത വേദനയാണ്. ഫുട്‌ബോൾ മൈതാനത്ത് ആരവത്തിന്‍റെയും ആർപ്പുവിളികളുടെയും ഇടയിൽ മാത്രമല്ല മലയാളികൾ മറഡോണയെ കണ്ടിട്ടുള്ളത്. 2012ലെ ഒക്‌ടോബർ മാസം മലയാള മണ്ണും അദ്ദേഹത്തിന്‍റെ സാന്നിധ്യം നേരിട്ട് അറിഞ്ഞതാണ്.
സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി മറഡോണ കണ്ണൂരിലെത്തിയതും കേരളത്തിന്‍റെ സ്വന്തം ഐ.എം വിജയനുമൊത്ത് പന്ത് തട്ടിയതും ഡിയേഗോ എന്നെഴുതിയ ഓട്ടോഗ്രാഫുകളും ഒന്നും കളിപ്രേമികൾക്ക് മറക്കാനാവുന്നതല്ല. അന്ന് ഉദ്‌ഘാടന പരിപാടിയുടെ അവതാരകയായിരുന്ന രഞ്‌ജിനി ഹരിദാസിനൊപ്പം ഇതിഹാസതാരം ചുവട് വച്ചതും ഇന്നലെയെന്ന പോലെ ഓരോ മലയാളിയും ഓർക്കുന്നു.
കഴിഞ്ഞ രാത്രിയിൽ അദ്ദേഹത്തിന്‍റെ മരണവാർത്ത അറിഞ്ഞപ്പോൾ എട്ട് വർഷം മുമ്പുള്ള തന്‍റെ ഓർമയിലേക്ക് തിരിച്ചുപോവുകയാണ് രഞ്ജിന് ഹരിദാസ്. മറഡോണയുടെ വിയോഗവാർത്ത വിശ്വസിക്കാനാവുന്നില്ലെന്നും തന്‍റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവും തോന്നുന്നതായും രഞ്ജിന് ഫേസ്‌ബുക്കിൽ കുറിച്ചു.
"വർഷങ്ങൾക്കു മുൻപ്, ഇതിഹാസം തന്‍റെ മലയാളി ഫുട്‌ബോൾ ആരാധകരെ കാണാനായി കണ്ണൂരിൽ എത്തിയപ്പോൾ ആ പരിപാടി അവതരിപ്പിക്കാനുള്ള അംഗീകാരം എനിക്ക് ലഭിച്ചിരുന്നു. ഞാൻ അവതരിപ്പിച്ച പരിപാടികളിൽ വച്ച് ഏറ്റവും ഊർജ്ജസ്വലമായതും രസകരവും ആയതുകൊണ്ട് തന്നെ ആ ദിവസം എന്നും എന്‍റെ ഹൃദയത്തിൽ അടയാളപ്പെടുത്തും. എല്ലാവരുടെയും മനസിൽ എന്നും തങ്ങി നിൽക്കുന്നത് ഫുട്ബോൾ താരത്തിന്‍റെ ഊർജസ്വലതയും..അദ്ദേഹത്തിന്‍റെ സ്‌പിരിറ്റും... ഏറ്റവും വലിയ ഫുട്ബോൾ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്നേഹവും ആയിരിക്കും.
അദ്ദേഹം പോയി എന്നറിഞ്ഞപ്പോൾ... എന്‍റെ മനസ് തീർത്തും ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് മടങ്ങിപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്‍റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോൾ. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്. ഒരു തീരാനഷ്ടം.
നിങ്ങളുടെ അനുകരണീയമായ പ്രഭാവലയവുമായി നിങ്ങൾ പോയ എല്ലായിടത്തും നിങ്ങൾ നിറഞ്ഞു നിന്നു..അത് ഒരു ഫുട്ബോൾ മൈതാനമായാലും ഒരു സ്റ്റേജ് ഷോയോ ഒരു പാർട്ടിയോ ആയാൽ പോലും. ഒരേയൊരു ഡിയേഗോ മറഡോണ- ഒരേയൊരു യഥാർഥ ഇതിഹാസം- നിങ്ങളുടെ ആത്മാവിന് ശാന്തിയുണ്ടാവട്ടെ," രഞ്ജിന് ഹരിദാസ് കുറിച്ചു.