സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ തെന്നിന്ത്യയിലെ പ്രശസ്‌ത താരങ്ങളായ പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. തെലുങ്ക് സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ ചെയ്‌ത അയ്യപ്പൻ നായരായി പവർ സ്റ്റാർ പവൻ കല്യാണും, പൃഥ്വിരാജിന്‍റെ കോശി കുര്യനായി റാണയുമെത്തുന്നു.
തെലുങ്കിൽ കോശി കുര്യൻ- ഡാനിയല്‍ ശേഖര്‍
മലയാളത്തിലെ പോലെ രണ്ട് കഥാപാത്രങ്ങൾക്കും ഒരേ പ്രാധാന്യം നൽകിയല്ല തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. പവർ സ്റ്റാറിന്‍റെ ഭീംല നായക് എന്ന പൊലീസ് കഥാപാത്രത്തിനാണ് റീമേക്കിൽ കൂടുതൽ പ്രാധാന്യം. എങ്കിലും വില്ലനായും നായകനായും പേരെടുത്ത റാണയുടെ പ്രകടനം കാണാനും ആരാധകർ വലിയ പ്രതീക്ഷയിലാണ്.
സാഗർ ചന്ദ്രയുടെ സംവിധാനത്തിൽ ത്രിവിക്രം തിരക്കഥ എഴുതുന്ന ചിത്രത്തിൽ കോശി കുര്യന്‍റെ പേര് 'ഡാനിയല്‍ ശേഖര്‍' എന്നാണ്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ സെപ്‌തംബർ 20ന് പുറത്തുവിടും. മലയാളത്തിൽ പൃഥ്വി ചെയ്‌ത അതേ ഗെറ്റപ്പാണ് റാണക്കും തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് പേര് വെളിപ്പെടുത്തിയുള്ള പോസ്റ്ററിലൂടെ വ്യക്തമാകുന്നത്.
More Read: നാടൻ പാട്ടിന്‍റെ താളത്തിൽ പവർ സ്റ്റാറിന്‍റെ മാസ് എൻട്രി ; 2.1 മില്യൺ കടന്ന് ഭീംല നായക് ടൈറ്റിൽ സോങ്
ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന തെലുങ്ക് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത് റാം ലക്ഷ്‍മണ്‍ ആണ്. മലയാളിയായ നിത്യ മേനന്‍ ആണ് നായിക. തെന്നിന്ത്യയിലെ പ്രമുഖ നിർമാതാക്കളായ സിതാര എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം 2022 ജനുവരി 12ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.