സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിൽ പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാന താരങ്ങൾ. കഥയിലും അവതരണത്തിലും പ്രശംസ നേടിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ ബിജു മേനോൻ ചെയ്‌ത അയ്യപ്പൻ നായരായി പവൻ കല്യാൺ എത്തുന്നു. പൃഥ്വിരാജിന്‍റെ കോശി കുര്യൻ വേഷം റാണ ദഗ്ഗുബാട്ടിയും അവതരിപ്പിക്കും.
മലയാളത്തിൽ നിന്ന് തിരക്കഥയിൽ കാര്യമായ മാറ്റങ്ങളോടെയാണ് തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. അയ്യപ്പനും കോശിയിലേത് പോലെ രണ്ടുപേർക്കും പ്രാധാന്യം നൽകുന്നില്ല തെലുങ്കിലെന്നും, റീമേക്കിൽ പവർ സ്റ്റാറിന്‍റെ ഭീംല നായകാണ് നായകനാകുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
ഭീംല നായക് ആയുള്ള പവൻ കല്യാണിന്‍റെ ലുക്കും ക്യാരക്‌ടർ വീഡിയോയും ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ, തെന്നിന്ത്യ മുഴുവൻ കാത്തിരിക്കുന്നത് റാണ ദഗ്ഗുബാട്ടിയുടെ ഗെറ്റപ്പ് കാണാനായാണ്. പ്രതീക്ഷിക്കുന്നതുപോലെ പ്രേക്ഷകരെ ഞെട്ടിച്ചുള്ള പ്രകടനമായിരിക്കും താരത്തിന്‍റേതെന്നാണ് റാണ ദഗ്ഗുബാട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പുതിയതായി ഇറങ്ങിയ വീഡിയോ വ്യക്തമാക്കുന്നത്.