ടൊവിനോ തോമസ് പങ്കുവെച്ച ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾക്ക് സഹതാരങ്ങളിൽ നിന്നും രസകരമായ ട്രോളുകളാണ് ലഭിക്കുന്നത്. ടൊവിനോയുടെ സിക്‌സ് പാക്ക് ചിത്രത്തിനൊപ്പം സ്വയം ട്രോളിയ അജു വർഗീസിന്‍റെ പോസ്റ്റിന് ശേഷം രമേഷ് പിഷാരടിയും എത്തിയിരിക്കുകയാണ്. എല്ലാവരെയും കണക്കിന് ട്രോളുന്ന മലയാളികളുടെ പ്രിയതാരം പിഷാരടി തന്‍റെ കാരിക്കേച്ചറിനൊപ്പം ഒരു സെല്‍ഫ് ട്രോളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇതെന്താ മസിൽ മാസമോ? അജുവിനൊപ്പം പിഷാരടിയും - രമേഷ് പിഷാരടി
ടൊവിനോ തോമസ് ചിത്രത്തിനൊപ്പം സിക്‌സ് പാക്കോടെ നില്‍ക്കുന്ന തന്‍റെ സ്വന്തം ചിത്രമായിരുന്നു അജു വർഗീസ് സെൽഫ് ട്രോളിന് ഉപയോഗിച്ചത്. രമേഷ് പിഷാരടിയും മസിൽമാനായി നിൽക്കുന്ന തന്‍റെ കാരിക്കേച്ചറാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.
"പ്ലാൻ വരച്ചു; ഇനി പണി തുടങ്ങണം" എന്ന ക്യാപ്‌ഷനും സിക്‌സ് പാക്കിലുള്ള തന്‍റെ ഒരു കാരിക്കേച്ചറുമാണ് രമേഷ് പിഷാരടി പോസ്റ്റ് ചെയ്‌തത്. ഒപ്പം, ടൊവിനോയെയും താരം ടാഗ് ചെയ്‌തിട്ടുണ്ട്. പിഷാരടിയുടെ രസകരമായ പോസ്റ്റിന് ടൊവിനോ തോമസ് നൽകിയ മറുപടി "ഇതെന്താ മസിൽ മാസമോ? എല്ലാർക്കും സിക്‌സ് പാക്ക്" എന്നാണ്. ടൊവിനോയുടെ ചോദ്യം പക്ഷേ അജു വർഗീസിനോടാണ്. ഈ പണി പൂർത്തിയാക്കാൻ ഇച്ചിരി പാടായിരിക്കും എന്നും സിമന്‍റും കമ്പിയും കുറെ വേണ്ടിവരും എന്നും ഒക്കെ പിഷാരടിയുടെ പോസ്റ്റിനോട് ആരാധകരും പ്രതികരിച്ചു.
അതേ സമയം, സിക്‌സ് പാക്കുണ്ടോ ഇതുപോലെ എന്നായിരുന്നു അജു വർഗീസ് സ്വയം ട്രോളിയത്. സിക്‌സ് പാക്കോടെ നില്‍ക്കുന്ന ഒരു പെന്‍സില്‍ ഡ്രോയിങ് ചിത്രവും ടൊവിനോയുടെ ജിമ്മിൽ നിന്നുള്ള ചിത്രവുമായിരുന്നു അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയത്.