ഹൈദരാബാദ്: സംവിധായകൻ രാം ഗോപാൽ വർമയുടെ പുതിയ ചിത്രം 'മർഡറി'നെതിരെ തെലങ്കാന പൊലീസ് കേസ് ഫയൽ ചെയ്‌തു. ദുരഭിമാനക്കൊലപാതകം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ വർമക്കെതിരെയും നിർമാതാവ് നാട്ടി കരുണക്കെതിരെയുമാണ് കേസ്. ദുരഭിമാനക്കൊലക്ക് ഇരയായ പെരുമല്ല പ്രണയിയുടെ പിതാവ് ബാലസ്വാമിയാണ് മർഡറിന്‍റെ അണിയറപ്രവർത്തകർക്ക് എതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നൽഗോണ്ടയിലെ പ്രത്യേക കോടതിയുടെ നിർദേശപ്രകാരം മിര്യാലഗുഡ പൊലീസ് കേസെടുക്കുകയായിരുന്നു.
ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തിൽ 'മർഡർ'; രാം ഗോപാൽ വർമക്കും നിർമാതാവിനുമെതിരെ കേസ് - രാം ഗോപാൽ വർമ കേസ്
2018ൽ ദുരഭിമാനക്കൊലക്ക് ഇരയായ തെലങ്കാന സ്വദേശി പെരുമല്ല പ്രണയിയുടെ പിതാവ് ബാലസ്വാമിയാണ് മർഡർ ചിത്രത്തിന് എതിരെ ഹർജി സമർപ്പിച്ചത്.
2018ൽ ഹൈദരാബാദിൽ നടന്ന പെരുമല്ല പ്രണയിയുടെ കൊലപാതകമാണ് സിനിമയുടെ പശ്ചാത്തലമെന്ന് രാം ഗോപാൽ വർമ ഫേസ്‌ബുക്കിലൂടെ നേരത്തെ അറിയിച്ചിട്ടുണ്ട്. സിനിമയിൽ തങ്ങളുടെ അനുവാദം ഇല്ലാതെ ചിത്രങ്ങൾ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 153 എ (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ശത്രുത വളർത്തുക), പട്ടികജാതി / പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ഭേദഗതി നിയമം എന്നിവ പ്രകാരമാണ് നിർമാതാവിനും സംവിധായകനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
2018 സെപ്‌തംബർ 14ന് പൊതുസ്ഥലത്ത് വച്ച് പരസ്യമായാണ് പെരുമല്ല പ്രണയ് കൊല്ലപ്പെടുന്നത്. പ്രണയിയും തന്‍റെ മകളുമായുള്ള ബന്ധത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന അമൃതയുടെ അച്ഛൻ മാരുതി റാവു കൊലപാതകം നടത്താൻ ഒരുകോടി രൂപ നൽകിയെന്നും ആരോപണമുണ്ടായിരുന്നു. ഇയാൾ കഴിഞ്ഞ മാർച്ചിൽ ഹൈദരാബാദ് വച്ച് ആത്മഹത്യ ചെയ്‌തു. അതേ സമയം, മാരുതി റാവുവും മകൾ അമൃതയും തമ്മിലുള്ള ആത്മബന്ധമാണ് മർഡറിലൂടെ അവതരിപ്പിക്കുന്നത് എന്ന് വെളിപ്പെടുത്തിയാണ് രാം ഗോപാൽ വർമ കഴിഞ്ഞുപോയ അന്താരാഷ്‌ട്ര പിതൃദിനത്തിൽ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. പെരുമല്ല പ്രണയിയുടെ മരണത്തിന് ശേഷവും ഭർതൃഗൃഹത്തിൽ താമസിക്കുന്ന അമൃത, സംവിധായകന്‍റെ പുതിയ ചിത്രത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് അമൃതയുടെ ഭർതൃപിതാവ് ബാലസ്വാമി സിനിമക്കെതിരെ ഹർജി സമർപ്പിച്ചതും തുടർന്ന് മർഡർ എന്ന ചലച്ചിത്രത്തിന് എതിരെ കോടതി നടപടി സ്വീകരിച്ചതും.