തെന്നിന്ത്യയും കടന്ന് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ മുഴുവൻ രജനികാന്ത് ഒരു ബ്രാൻഡാണ്. ആരാധർക്കിടയിൽ ഇന്ന് ദൈവതുല്യനായി ഒരു താരത്തെ അംഗീകരിക്കുന്നുവെങ്കിൽ അതിന് കാരണം അയാളുടെ വ്യക്തിത്വവും കലയോടുള്ള അഭിനിവേശവും നിസ്വാർഥമായ സമർപ്പണബോധവും തന്നെയാണ്. രാജ്യം 51-ാം തവണ ദാദാ സാഹെബ് ഫാൽക്കെ അവാർഡിലൂടെ ഒരു കലാകാരനെ ആദരിക്കുമ്പോൾ, അതിന് അങ്ങേയറ്റം അർഹനാണ് തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ രജനികാന്ത്.
അത്ര അനായാസമല്ലായിരുന്നു താരശോഭയുടെ തിരശ്ശീലയിലേക്കുള്ള രജനികാന്തിന്‍റെ വഴി. സിനിമയിൽ ഗോഡ് ഫാദറൊന്നുമില്ലായിരുന്നു ബെംഗളൂരു സ്വദേശിയായ ശിവാജി റാവുവിന്. അപൂർവരാഗങ്ങളിൽ ആ മുഖം ആദ്യം കാണുന്നതിന് മുമ്പ്, കൂലി തൊഴിലാളിയായും ആശാരിയായും ബെംഗളൂരു ട്രാൻസ്പോർട്ട് ബസിലെ കണ്ടക്‌ടറായുമൊക്കെ അദ്ദേഹത്തെ പലരും കണ്ടുമറന്നിട്ടുണ്ടാകണം. അപ്പോഴും സിനിമയായിരുന്നു അയാളുടെ മനസ് നിറയെ. സുഹൃത്തിന്‍റെ സാമ്പത്തിക സഹായത്തോടെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും അവിടെ ദുര്യോദന എന്ന കന്നഡ നാടകത്തിൽ അഭിനയിക്കുകയും ചെയ്‌തു. അവിടെ കെ.ബാലചന്ദർ എന്ന സംവിധായകൻ ശിവാജി റാവുവിലെ അഭിനയമോഹിയെ തിരിച്ചറിഞ്ഞു. സിനിമയുടെ ഭാഗമാകാൻ തമിഴ് പഠിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് 1975ൽ കെ.ബാലചന്ദർ സംവിധാനം ചെയ്‌ത അപൂർവ രാഗങ്ങളിലൂടെ താരം വെള്ളിവെളിച്ചം കണ്ടു. ശിവാജി റാവുവിൽ നിന്ന് രജനികാന്തെന്ന് മാറ്റിയതും ബാലചന്ദർ തന്നെയായിരുന്നു. "ഉറക്കത്തിൽ കാണുന്നതല്ല, ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് സ്വപ്നമെന്ന്" പറഞ്ഞ എപിജെയുടെ നാട്ടുകാർ അങ്ങനെ രജനികാന്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
തന്‍റെ ഗുരു ബാലചന്ദറാണെങ്കിലും എസ്.പി മുത്തുരാമൻ രജനിയുടെ വളർച്ചയെ പരിപോഷിപ്പിച്ചു. അമിതാഭ് ബച്ചന്‍റെ ഡോൺ അടക്കമുള്ള ചിത്രങ്ങളുടെ റീമേക്കുകളും നെഗറ്റീവ് റോളുകളും... ഭുവന ഒരു കേൾവിക്കുറി, മുള്ളും മലരും, ആറിലിരുന്ത് അറുപതുവരെ... എംജിആറിനെയും ശിവാജി ഗണേഷനെയും നെഞ്ചിലേറ്റിയ തമിഴകം അവരുടെ ആരാധ്യപുരുഷനായി രജനികാന്തിനെയും സ്വീകരിച്ചുതുടങ്ങി. ഡോണിന്‍റെ റീമേക്ക് ബില്ല, മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം... തിയേറ്ററുകളിൽ ആവേശവും ആരവവും ആഘോഷമായപ്പോൾ, ആരാധകർ അദ്ദേഹത്തിനായി താരപദവിയുടെ സിംഹാസനവും നീക്കിവച്ചു.