മാസ്ക് ധരിച്ച് ലംബോർഗിനിയുമായി സവാരി നടത്തിയ തലൈവയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്വയം കാർ ഓടിക്കുന്ന രജനികാന്ത്, കൊവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിച്ചിട്ടുണ്ട്. വൈറസിനെതിരെ എല്ലാ തരത്തിലുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചാണ് വാഹനത്തിനകത്തും സൂപ്പർസ്റ്റാറിന്റെ യാത്രയെന്നത് ആരാധകരെ ആകർഷിച്ചു. മഹാമാരിയുടെ കാലത്ത് അദ്ദേഹം വലിയൊരു മാതൃകയാണെന്നും രജനിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകർ അഭിപ്രായപ്പെടുന്നു.
മുണ്ടും വെളുത്തഷർട്ടും ധരിച്ച് നരയും കഷണ്ടിയോടും കൂടി ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് സൂപ്പർസ്റ്റാർ. വൈറസിനെതിരെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന പ്രശംസയ്ക്കൊപ്പം എളിമയോടെ പെരുമാറുന്ന തങ്ങളുടെ സൂപ്പർതാരത്തിന്റെ ലുക്കിനെയും ഇരുകൈയും നീട്ടി ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.