ഹൈദരാബാദ്:ഇപ്പോൾ ഹൈദരാബാദിൽ ചിത്രീകരണം തുടരുന്ന അണ്ണാത്തയിൽ നിന്ന് ഇടവേളയെടുത്ത് രജനികാന്ത് ചെന്നൈയിൽ എത്തി രാഷ്‌ട്രീയ പ്രഖ്യാപനം നടത്തും. ഈ മാസം 30ന് ചെന്നൈയിലേക്ക് മടങ്ങി അടുത്ത ദിവസം സൂപ്പർതാരം രാഷ്‌ട്രീയപാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനം രാഷ്‌ട്രീയപ്രഖ്യാപനം ഉണ്ടാകുമെന്ന് തലൈവ നേരത്തെ അറിയിച്ചിരുന്നു.
തലൈവയുടെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം 'അണ്ണാത്ത'യുടെ ഇടവേളയിൽ ചെന്നൈയിലെത്തിയ ശേഷം - party announcement rajinikanth news
രാഷ്‌ട്രീയപാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ഈ മാസം 30ന് രജനികാന്ത് ഹൈദരാബാദിലെ അണ്ണാത്ത സെറ്റിൽ നിന്നും ചെന്നൈയിലേക്ക് മടങ്ങും.
പ്രഖ്യാപനത്തിന് ശേഷം ലൊക്കേഷനിൽ തിരിച്ചെത്തി ജനുവരി 12ഓടെ രജനി അണ്ണാത്ത പൂർത്തിയാക്കുമെന്നാണ് സൂചന. സിനിമയുടെ നിർമാണം പൂർത്തിയാകുന്നതോടെ പൊങ്കലിന് ശേഷം രജനികാന്ത് പൂർണമായും രാഷ്‌ട്രീയത്തിലേക്ക് തിരിയുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
രജനികാന്തിന്‍റെ 168-ാം ചിത്രം അണ്ണാത്തയുടെ ചിത്രീകരണം ഈ മാസം 14നാണ് ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് ഷൂട്ടിങ് നീട്ടിവെച്ച തമിഴ് ചിത്രം വീണ്ടും ചിത്രീകരണം ആരംഭിച്ച വാർത്ത രജനിആരാധകരെ ആവേശത്തിലാക്കിയിരുന്നു. അണ്ണാത്തയുടെ ഭാഗമാകാൻ സൂപ്പർതാരം ഹൈദരാബാദിലെത്തിയതും ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരുന്നതാണ്.പുതുവർഷത്തിൽ റിലീസിനെത്തിക്കാൻ അണ്ണാത്തയുടെ ചിത്രീകരണം അതിവേഗം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.