മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളികളുടെ ജീവിതത്തെ ആസ്‌പദമാക്കി സംവിധായകന്‍ രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്‍റെ സെക്കന്‍റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചുണ്ടില്‍ എരിയുന്ന ബീഡിയുമായി കലിപ്പ് ലുക്കിലാണ് പോസ്റ്ററില്‍ നിവിന്‍ പോളിയുള്ളത്. കെ.എം ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്‌പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യോബിന്‍റെ പുസ്തകത്തിന്‍റെ തിരക്കഥാകൃത്തും കെ.എം ചിദംബരത്തിന്‍റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങി വന്‍ താരനിരയാണ് ഈ പിരീഡ് ഡ്രാമിയില്‍ അണിനിരക്കുന്നത്.
ചുണ്ടില്‍ എരിയുന്ന ബീഡിയുമായി നിവിന്‍ പോളി, തുറമുഖത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്ററെത്തി - സംവിധായകന്‍ രാജീവ് രവി
കെ.എം ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്‌പദമാക്കിയാണ് രാജീവ് രവി സിനിമ ഒരുക്കുന്നത്

2016 ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണികണ്ഠന്‍ ആചാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച സമ്പ്രദായമാണ് ചാപ്പ. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് നേരെ ടോക്കണുകള്‍ എറിഞ്ഞ് കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അന്നയും റസൂലും കമ്മട്ടിപ്പാടവുമെല്ലാം മലയാളത്തിന് സമ്മാനിച്ച രാജീവ് രവിയുടെ തുറമുഖത്തിന്‍റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.