നിര്‍മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിനെ വിലക്കിയതിനെത്തുടര്‍ന്ന് താരത്തിന് പിന്തുണയുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും, സംവിധായകന്‍ ഡോ.ബിജുവും രംഗത്ത്.
'താന്‍ ഷെയ്നിനെ വെച്ച് സിനിമ ചെയ്യുമെന്നും വേണ്ടിവന്നാല്‍ അദ്ദേഹത്തെ തന്‍റെ അസിസ്റ്റന്‍റാക്കുമെന്നും' രാജീവ് രവി പറഞ്ഞു. 'ഷെയിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ അതിനെ ന്യായീകരിക്കുന്നില്ലെന്നും അതിന്‍റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും' രാജീവ് രവി പറഞ്ഞു. ഷെയ്ന്‍ 22 വയസുള്ള ഒരു പയ്യനാണ്. അവന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ന്യായീകരിക്കുന്നില്ല. പക്ഷെ, അവനെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും അവകാശമില്ല. അവര്‍ അവനെ വിലക്കിയാല്‍ ഞാന്‍ അവനെ എന്‍റെ അസിസ്റ്റന്‍റാക്കും, അവനെ വച്ച് സിനിമ ചെയ്യും. അവനെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല, വിലക്കുന്നവര്‍ തന്നെ അവനെ വച്ച് സിനിമ ചെയ്യും രാജീവ് രവി പറയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ചാണ് അവനെ താരതമ്യപ്പെടുത്തുന്നത്. സിനിമയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ? കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ? ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലല്ലോ. ഈഗോ മാറ്റിവെച്ച് അവനെ വിളിച്ചിരുത്തി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. നല്ലൊരു കലാകാരനാണ്. അവനെ തല്ലിക്കെടുത്തരുത്. രാജീവ് രവി കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ ഡോ.ബിജുവും ഇക്കാര്യത്തില്‍ തുറന്ന് പറച്ചിലുമായി എത്തിയിട്ടുണ്ട്. 'ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ മലയാള സിനിമയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ ഈ സംഘടനകള്‍ക്ക് എന്താണ് അവകാശം. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെ സിനിമകളില്‍ പ്രവര്‍ത്തിപ്പിക്കില്ല എന്ന് വേണമെങ്കില്‍ പറയാം. അല്ലാതെ മലയാള സിനിമയുടെ മൊത്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഇവര്‍ക്ക് ഏത് നിയമം അനുസരിച്ചാണ് ലഭിച്ചത്. ഈ നാട്ടിലെ സ്വതന്ത്ര സിനിമ നിര്‍മാതാക്കള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള ആരെയും വെച്ച് സിനിമ ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്രമുള്ള ജനാധിപത്യ രാജ്യമാണിത്. അവരാരും ഒരു സിനിമാ സംഘടനകളുടെയും ഔദാര്യത്തില്‍ അല്ല സിനിമകള്‍ ചെയ്യുന്നതും ജീവിക്കുന്നതും. മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകള്‍ക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളം. ന്യൂജെന്‍ സിനിമാ സെറ്റില്‍ ഡ്രഗ് പരിശോധന വേണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ന്യൂ ജെന്‍ സിനിമാ സെറ്റില്‍ മാത്രം ആക്കണ്ട, എല്ലാ സെറ്റുകളിലും ആയിക്കോട്ടെ, ഡ്രഗ് മാത്രമല്ല മദ്യപാനവും മറ്റെന്തെങ്കിലും അനാശാസ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും അന്വേഷിക്കാവുന്നതാണ് എല്ലാ സെറ്റുകളിലും. ഒപ്പം ഇത്രയേറെ നിരന്തര നഷ്ടം ഉണ്ടായിട്ടും പത്തും ഇരുപതും കോടി വീണ്ടും ഇന്‍വെസ്റ്റ് ചെയ്യുന്ന സിനിമകള്‍ ധാരാളം ഉണ്ടാകുമ്പോള്‍ കള്ളപ്പണത്തിന്‍റെ സാധ്യത കൂടി അന്വേഷിക്കാം. നിര്‍മാതാക്കളുടെയും താരങ്ങളുടെയും ടാക്സ്, ബിനാമി ബിസിനസുകള്‍, ഭൂമാഫിയ ബന്ധങ്ങള്‍, വിദേശ താര ഷോകളുടെ പിന്നാമ്പുറങ്ങള്‍ എല്ലാം അന്വേഷണ പരിധിയില്‍ വരട്ടെ' ഡോ.ബിജു ഫേസ്ബുക്കില്‍ കുറിച്ചു.
ഷെയിന്‍ നിഗത്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന. മാത്രമല്ല സിനിമാ മേഖലയില്‍ വലിയ രീതിയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗമുണ്ടെന്നും നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഇതോടെ ഷെയിനെ പിന്തുണച്ചും അനുകൂലിച്ചും നിരവധി ആളുകളെത്തുന്നുണ്ട്.