ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴിലേക്കും റീമേക്കിനൊരുങ്ങുകയാണ്. അടുക്കളയിലെ സ്‌ത്രീകളുടെ വീർപ്പുമുട്ടുകൾ തുറന്നുകാട്ടിയ മലയാളചിത്രം പുരുഷാധിപത്യ സമൂഹത്തിന് നേരെ അഴുക്കുവെള്ളം കോരിയൊഴിച്ച് പ്രതിഷേധിച്ചു. കാലത്തിന് അനിവാര്യമായിരുന്ന മലയാളചിത്രത്തിന് നിരൂപരും പ്രേക്ഷക സമൂഹവും ഗംഭീര പ്രതികരണവും നൽകിയിരുന്നു.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴിൽ സുരാജിന്‍റെ റോളിൽ രാഹുൽ രവീന്ദ്രനെത്തും - suraj venjaramood nimisha sajayan news
ഐശ്വര്യ രാജേഷാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ റീമേക്കിലെ പ്രധാന വേഷം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂടിന്‍റെ കഥാപാത്രത്തെ നടനും തിരക്കഥാകൃത്തും സംവിധായകനും ഒപ്പം ദേശീയ അവാർഡ് ജേതാവുമായ രാഹുൽ രവീന്ദ്രനാണ് അവതരിപ്പിക്കുന്നത്
ചിത്രം റീമേക്കിനെത്തുമ്പോൾ, മലയാളത്തിൽ നിമിഷ സജയൻ അവതരിപ്പിച്ച 'ഭാര്യ'യുടെ കഥാപാത്രം തമിഴിൽ അവതരിപ്പിക്കുന്നത് ഐശ്വര്യ രാജേഷ് ആണെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. തമിഴിന് പുറമെ തെലുങ്കിലും സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ, സുരാജ് വെഞ്ഞാറമൂടിന്‍റെ റോളിൽ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ രവീന്ദ്രനെത്തുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മോസ്കോവിൻ കാവേരി, വിൻമീൻകൾ, വണക്കം ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനേതാവായി സുപരിചിതനായ രാഹുൽ മികച്ച തിരക്കഥക്ക് 2018ൽ ദേശീയ പുരസ്കാരത്തിനും അർഹനായിട്ടുണ്ട്. ആർ. കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവിൽ കാരക്കുടിയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.