ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ, മഴവിൽ കാവടി, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി മലയാളത്തിന് മറക്കാനാവാത്ത സിനിമകളുടെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുടെ പുതിയ രചന 'ഒരു കട്ടില്‍, ഒരു മുറി... ഒരു പെണ്ണും ഒരാണും'. പുതിയ ചിത്രത്തിനുള്ള രചന പൂർത്തിയാക്കിയ സന്തോഷം പങ്കുവെക്കുകയാണ് രഘുനാഥ് പലേരി. അച്ഛനും അമ്മയും ഇരുവരുടെയും പ്രണയവും അക്കമ്മയും ഹൈദരാലിക്കയും മൂത്താശാരിയും ഒക്കെ ചേർന്നുള്ളൊരു തിരക്കഥ എഴുതി സംവിധായകൻ ഷാനവാസ് ബാവക്കുട്ടിക്ക് കൈമാറിയെന്ന് തിരക്കഥാകൃത്ത് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
"ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദന്‍റെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാംഗുലിയുടെയും മാത്തച്ചന്‍റെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അച്ഛന്‍റെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അച്ഛന്‍റെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചം പോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ," രഘുനാഥ് പലേരി കുറിച്ചു.
തിരക്കഥാകൃത്തായി അറിയപ്പെടുന്ന രഘുനാഥ് പലേരി ഒന്ന് മുതൽ പൂജ്യം വരെ, വിസ്മയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ്. കൂടാതെ, ഷാനവാസിന്‍റെ തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അദ്ദേഹം ചുവടുവച്ചു കഴിഞ്ഞു.