ദേശീയ അവാർഡ് തിളക്കത്തോടെയാണ് പ്രിയദർശൻ- മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്. സിനിമ തിയറ്ററിൽ ചരിത്രം സൃഷ്‌ടിക്കുന്നതിന് സാക്ഷ്യം വഹിക്കാനായി ആരാധകരും ആകാംക്ഷയിലാണ്.
ഇതുകൂടാതെ, മോഹൻലാലിനെ നായകനാക്കി മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യാനൊരുങ്ങുകയാണ് മലയാളത്തിന്‍റെ ഹിറ്റ് സംവിധായകൻ പ്രിയദർശൻ. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരു സ്‌പോർട്‌സ് ചിത്രമാണ് പുതുതായി വരുന്നത്.
കോമഡിയും റൊമാൻസും ഫാമിലി എന്‍റർടെയ്‌നറുകളും ഒരുക്കിയ സംവിധായകൻ- നായകൻ കൂട്ടുകെട്ട് ഇതുവരെയും പരീക്ഷിക്കാത്ത വിഭാഗമാണ് സ്‌പോർട്‌സ് ഡ്രാമ.
ഇതുതന്നെയാണ് തങ്ങളുടെ അടുത്ത ചിത്രം ബോക്‌സിങ് പ്രമേയത്തിലൊരുക്കാനുള്ള കാരണവും. ഒപ്പം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സിനിമയെക്കുറിച്ചുള്ള തന്‍റെ സ്വപ്‌നങ്ങളും പ്രിയദർശൻ വിശദീകരിക്കുന്നുണ്ട്.
വമ്പൻ മേക്കോവറിൽ ബോക്‌സറായി മോഹൻലാൽ
മോഹൻലാൽ ബോക്‌സറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കഥാനായകന്‍റെ ഉയർച്ച-താഴ്‌ച്ചകൾ തന്നെയാണ് പ്രമേയമാകുന്നത്. സിനിമയ്ക്ക് പ്രചോദനമായതാകട്ടെ മാര്‍ട്ടിന്‍ സ്കോര്‍സെസെ എന്ന വിശ്വപ്രസിദ്ധ സംവിധായകനും.
റോബര്‍ട്ട് ഡി നീറോ നായകനായ മാർട്ടിൻ സ്‌കോർസസെയുടെ 'റേജിങ് ബുള്‍' എന്ന ഹോളിവുഡ് ചിത്രം തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുണ്ട്. അതിനാൽ, മോഹൻലാൽ തന്‍റെ അടുത്ത ചിത്രത്തിൽ ഒരു 'റേജിങ് ബുള്‍' ആയിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി.
More Read: പ്രിയദർശന്‍റെ ലാലേട്ടൻ സപോർട്‌സ് ഡ്രാമ ലോഡിങ്
സിനിമയ്‌ക്കായി സൂപ്പർതാരത്തിന് വമ്പൻ തയ്യാറെടുപ്പുകൾ ആവശ്യമായി വരും. ആദ്യം 15 കിലോ ഭാരം കുറച്ച് പിന്നീട് അത് തിരിച്ചുപിടിക്കണം. വീണ്ടും പത്ത് കിലോ കൂട്ടുകയും വേണം. പ്രായം വർധിച്ച ബോക്‌സറായി വേഷമിടുന്നതിനാണ് ഇത്തരം മേക്കോവറുകൾ.
മോഹൻലാലിന് അസാധ്യമായതൊന്നും ഇല്ല എന്നതുകൊണ്ട് തന്നെ തന്‍റെ റേജിങ് ബുൾ ആയി താരം മികവുറ്റ പ്രകടനം കാഴ്‌ചവയ്ക്കുമെന്നും സംവിധായകന് ആത്മവിശ്വാസമുണ്ട്.
ഓസ്‌കറിൽ തിളങ്ങിയ റേജിങ് ബുൾ
ആരാധകരും നിരൂപകരും ഒരുപോലെ വാഴ്‌ത്തിയ, സ്കോർസസെ സംവിധാനം ചെയ്‌ത റേജിങ് ബുൾ എന്ന ചിത്രത്തിൽ അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സറും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ജേക് ലമോട്ടയുടെ ജീവിതമാണ് ഇതിവൃത്തമായത്.
ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് റോബര്‍ട്ട് ഡി നീറോ മികച്ച നടനുള്ള ഓസ്‍കർ നേടി. കൂടാതെ ചിത്രം മികച്ച എഡിറ്റിങ്ങിനുള്ള ഓസ്‍കറും സ്വന്തമാക്കിയിട്ടുണ്ട്.