സംവിധായകന്‍ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി 1991 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അഭിമന്യു. ചിത്രത്തില്‍ മോഹന്‍ലാലും കൂട്ടരും തകര്‍ത്താടിയ രാമായണക്കാറ്റേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികള്‍ക്കിടയില്‍ തരംഗമാണ്. ഇപ്പോഴിതാ ഈ ഗാനം മറ്റൊരു ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. നീരജ് മാധവിനെ നായകനാക്കി രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന കാ എന്ന ചിത്രത്തിലാണ് രാമായണക്കാറ്റേ പുനരവതരിപ്പിക്കുന്നത്. നീരജ് മാധവിനൊപ്പം ഈ ഗാനരംഗത്തില്‍ ചുവടുവയ്ക്കുന്നത് പ്രിയ വാര്യരാണ്.
ആ ഹിറ്റ് ഗാനം വീണ്ടുമെത്തുന്നു... ചുവടുവയ്ക്കുന്നത് മലയാള സിനിമയിലെ യുവതലമുറ
മോഹന്‍ലാല്‍ ചിത്രം അഭിമന്യുവിലെ രാമായണക്കാറ്റേ എന്ന് തുടങ്ങുന്ന ഗാനമാണ് രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന കാ എന്ന ചിത്രത്തിലൂടെ പുനരവതരിപ്പിക്കുന്നത്.
നീരജ് മാധവ് വിളിച്ചപ്പോള്‍ത്തന്നെ താന്‍ എക്സൈറ്റഡായിരുന്നുവെന്നും മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരം കൂടിയാണിതെന്നും പ്രിയ വാര്യര്‍ പറഞ്ഞു. 'രാമായണക്കാറ്റെ എന്ന ഗാനത്തിന് ചുവടുവയ്ക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. പത്താം ക്ലാസ് വരെ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുണ്ടെങ്കിലും എവിടെയും പെര്‍ഫോം ചെയ്തിരുന്നില്ല. നീരജിന്‍റെ കോള്‍ വന്നപ്പോള്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ചെയ്ത് നോക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. രാത്രിയാണ് കോള്‍ വന്നത്. നേരെ തിരുവനന്തപുരത്തേക്ക് ഫ്ലൈറ്റ് പിടിച്ചു. പുലര്‍ച്ചെ രണ്ട് മണി വരെ റിഹേഴ്‌സല്‍ ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ കൊണ്ടാണ് ചിത്രീകരണം കഴിഞ്ഞത്'. ചിത്രത്തില്‍ ഗാനരംഗത്ത് മാത്രമാണ് താനെത്തുന്നതെന്നും നീരജ് മികച്ച നര്‍ത്തകനാണെന്നും ഒപ്പം നൃത്തം ചെയ്തത് ത്രില്ലിങ്ങായിരുന്നുവെന്നും പ്രിയ പറഞ്ഞു. രജിഷ വിജയന്‍ നായികയായെത്തുന്ന ഫൈനല്‍സിന് വേണ്ടി നരേഷ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് പ്രിയ ആലപിച്ച ഡ്യൂയറ്റ് വൈറലായിരുന്നു.