പൃഥ്വിരാജ്, നിവിൻ പോളി, ടൊവിനോ തോമസ്, സണ്ണി വെയ്‌ൻ, ഒപ്പം 'കൂതറ'യിലൂടെ മലയാളത്തിന് സുപരിചിതനായ ഭരത്... യൂത്ത് ഐക്കൺ ദുൽഖർ സൽമാനുമായി യുവനിരയിലെ പ്രമുഖ താരങ്ങൾ ഒത്തുചേരുമ്പോൾ അത് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാവുന്നതിലും വലിയ സിനിമാനുഭവമാകും എന്നത് തീർച്ച.
ദുൽഖർ ടൈറ്റിൽ റോളിലെത്തുന്ന 'കുറുപ്പ്' എന്ന ചിത്രത്തിൽ പൃഥ്വിരാജ്, നിവിൻ പോളി, ടൊവിനോ തോമസ്, ഭരത് എന്നീ മുൻനിര യുവതാരങ്ങൾ അതിഥി വേഷങ്ങളിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ദുൽഖറിനൊപ്പം സെക്കൻഡ് ഷോ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിൽ മുഖ്യവേഷം ചെയ്‌ത സണ്ണി വെയ്‌നും കുറുപ്പ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് യുവതാരങ്ങൾ കാമിയോ റോളിലെത്തുന്നതെന്നാണ് റിപ്പോർട്ട്.
More Read:'കുറുപ്പ്' അഞ്ച് ഭാഷ സംസാരിക്കും, ന്യൂഇയര്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍
സെക്കൻഡ് ഷോ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന കുറുപ്പ് മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് സൂചന.