മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് വീണ്ടും സംവിധാന കുപ്പായമണിയുകയാണ് മോഹൻലാൽ ചിത്രം 'ബ്രോ ഡാഡി'യിലൂടെ. ഇപ്പോൾ സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു.
ലൂസിഫറിന്റെ നായകനും സംവിധായകനും നിർമാതാവ് ആന്റണി പെരുമ്പാവൂരും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലെ വിശേഷങ്ങൾക്കായി ആരാധകരും അതിയായ ആകാംക്ഷയിലാണ്.
ലൊക്കേഷൻ ചിത്രങ്ങളും സിനിമയിലെത്തുന്ന താരങ്ങളുടെ വിശേഷങ്ങളും പൃഥ്വിരാജ് നിരന്തരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇത്തരത്തിൽ പൃഥ്വിരാജ് ഒടുവില്‍ പങ്കുവച്ചിരിക്കുന്നത് വളരെ അപൂർവമായൊരു നിമിഷം കൂടിയാണ്.
More Read: പൃഥ്വിയുടെ 'ബ്രോ ഡാഡി' മോഹൻലാൽ
ബ്രോ ഡാഡിയുടെ സംവിധാന കസേരയിൽ താനിരിക്കുമ്പോൾ, ക്യാമറയ്ക്ക് തൊട്ടുമുന്നിൽ ഇരിക്കുന്നത് സ്വന്തം അമ്മ മല്ലിക സുകുമാരനാണ്. മല്ലിക സുകുമാരനും മോഹൻലാലും ഒന്നിച്ചുള്ള ഒരു രംഗത്തിൽ നിന്നുള്ള ചിത്രമാണ് പൃഥ്വി ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിരിക്കുന്നത്.
'എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ,' എന്ന കാപ്ഷനും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.
അമ്മയ്ക്കൊപ്പം സ്ക്രീൻ പങ്കിട്ടുണ്ടെങ്കിലും, അമ്മയെ വച്ച് സിനിമ സംവിധാനം ചെയ്യാനുള്ള അപൂർവ അവസരമാണ് പൃഥ്വിരാജിന് ലഭിച്ചത്. താരം പങ്കുവച്ച ഈ പുതിയ ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.