നന്ദനത്തിൽ തുടങ്ങി നായകനും പ്രതിനായകനും ആക്ഷൻ ഹിറോയുമായി പലവിധ അവതാരങ്ങൾ... പുതിയ മുഖം, അമർ അക്‌ബർ അന്തോണി ചിത്രങ്ങളിൽ ഗാനാലാപനം... മലയാളത്തിൽ ആദ്യമായി 100 കോടി കലക്ഷൻ നേടിയ ചിത്രത്തിന്‍റെ സംവിധായകൻ... ഇതൊന്നും മാത്രമല്ല, താനൊരു പെർകഷനിസ്റ്റ് കൂടിയാണെന്ന് പറയുകയാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച പുത്തൻ വീഡിയോയിലൂടെ. സുപ്രിയയും വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ലോകമെമ്പാടും പ്രശസ്‌തമായ സിംഗള ഭാഷയിലെ 'മനിക്കെ മാഗേ ഹിതേ' എന്ന ഗാനത്തിന് താളം പിടിക്കുന്ന പൃഥ്വിരാജിനെയാണ് വീഡിയോയിൽ കാണുന്നത്. തന്‍റെ പ്രിയപ്പെട്ട സുഹൃത്ത് ജെടിയുടെ ഡ്രമ്മിനൊപ്പം 'കഹോൺ' എന്ന സംഗീതോപകരണത്തിൽ മതിമറന്ന് താളം പിടിക്കുകയാണ് സൂപ്പർതാരം. 'ജെടിയോടൊപ്പമുള്ള സംഗീത രാത്രികൾ, ഒപ്പം നല്ല ഫുഡും,' എന്ന് വീഡിയോക്കൊപ്പം പൃഥ്വി കുറിച്ചു.