പൃഥ്വിരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കുരുതിയുടെ റിലീസ് തിയ്യതി പുറത്തുവിട്ടു. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയ്യതി പങ്കുവച്ചത്. മെയ് 13ന് സിനിമ തിയറ്ററുകളിലെത്തും. കൊവിഡിന്‍റെ രണ്ടാം വരവിനെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് റിലീസ് തിയ്യതി ഉള്‍പ്പെടുത്തിയ പുതിയ പോസ്റ്ററിനൊപ്പം പൃഥ്വി കുറിച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു പൃഥ്വിരാജ് സിനിമ തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. തന്‍റെ സിനിമ ജീവിതത്തില്‍ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയാണ് കുരുതി എന്ന് നേരത്തെ ചിത്രത്തിന്‍റെ പാക്കപ്പ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരുന്നു.
പൃഥ്വിരാജ് സിനിമ കുരുതി മെയ് 13ന് തിയറ്ററുകളില്‍
കൊവിഡിന്റെ രണ്ടാം വരവിനെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് റിലീസ് തിയ്യതി ഉള്‍പ്പെടുത്തിയ പുതിയ പോസ്റ്ററിനൊപ്പം കുറിച്ച് പൃഥ്വിരാജ്.
പാട്ടുകള്‍, സാഹസികത, സസ്പെന്‍സ്, ആക്ഷന്‍ എന്നിവയെല്ലാം കലര്‍ന്നതാണ് കുരുതി. നവാഗതനായ മനു വാര്യരാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് നിര്‍മാണം. 'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്‌ലൈനുമായാണ് സിനിമ റിലീസിന് തയ്യാറെടുക്കുന്നത്. പൃഥ്വിരാജിനോടൊപ്പം റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ അനിഷ് പള്ളിയാല്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു.