മലയാളസിനിമയുടെ പ്രതീക്ഷയുടെ മുഖങ്ങൾ.... പൃഥ്വിരാജ്, മുരളി ഗോപി, റോഷൻ മാത്യൂസ്, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ എന്നിവർക്കൊപ്പം ഹാസ്യതാരമായും സ്വഭാവനടനായും തിളങ്ങിയ മാമുക്കോയയും പ്രധാന താരങ്ങളാകുന്ന ചിത്രമാണ് 'കുരുതി'. ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.
സാമുദായിക കലാപമാണ് കുരുതിയുടെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇത് ഒരു സമുദയത്തിന്‍റെ പ്രശ്‌നമാണെന്ന് പറയുന്ന പൃഥ്വിരാജിന്‍റെ ഡയലോഗ് മുതൽ ട്രെയിലറിൽ എല്ലാ കഥാപാത്രങ്ങളും ഇതേ വിഷയമാണ് സൂചിപ്പിക്കുന്നത്.
ആരുടെ ശരി.... നിന്‍റെയോ നിന്‍റെ പടച്ചോന്‍റെയോ?
'കൊല്ലുമെന്ന വാക്ക്, കാക്കുമെന്ന പ്രതിജ്ഞ' സിനിമയുടെ ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ പകയും അതിജീവനവുമാണ് കുരുതിയെന്നും ഇതിൽ നിന്നും വ്യക്തമാണ്. എന്നാൽ, ആ വർഗീയ ലഹളകൾ ശരിയോ തെറ്റോ എന്നും സിനിമ ചർച്ച ചെയ്യുന്നു.
നവാഗതനായ മനു വാര്യരാണ് സംവിധായകൻ. അനിഷ് പള്ളിയാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. അഭിനന്ദന്‍ രാമാനുജമാണ് കാമറാമാൻ. റഫീഖ് അഹമ്മദിന്‍റെ രചനയിൽ ജേക്‌സ് ബിജോയ് ചിത്രത്തിലെ പാട്ടുകൾക്ക് ഈണം പകര്‍ന്നിരിക്കുന്നു.
More Read: പൃഥ്വിരാജിന്‍റെ 'കുരുതി' ഓണം റിലീസായി ആമസോണിൽ
കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് മെയ് 13ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് പ്രദർശനത്തിന് എത്താനായില്ല. തുടർന്ന് സിനിമ ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് നിർമാതാക്കൾ എത്തുകയായിരുന്നു. ഓഗസ്റ്റ് 11ന് കുരുതി റിലീസിനെത്തും.