വെട്ടിയൊതുക്കാത്ത താടിയും തീരെ മെലിഞ്ഞ ശരീരവും. ആടുജീവിതത്തിലെ നജീബാകാനുള്ള തയ്യാറെടുപ്പിലാണ് നടൻ പൃഥ്വിരാജ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലും പൊതുപരിപാടികളിലുമൊക്കെ പുതിയ ഗെറ്റപ്പിലെത്തുന്ന താരത്തിന്‍റെ ചിത്രങ്ങൾക്കും ആരാധകർ വൻ സ്വീകാര്യതയാണ് നൽകുന്നതും.
കഴിഞ്ഞ ദിവസം ആടുജീവിതത്തിലെ കഥാപാത്രത്തിനെ സൂചിപ്പിക്കുന്ന വിധം പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കാരിക്കേച്ചർ ചിത്രത്തിന് ഭാര്യ സുപ്രിയ നൽകുന്ന മറുപടിയാണ് വൈറലാകുന്നത്. പൃഥിയുടെ താടിക്കുള്ളിൽ ഒരു ആട് കുടുങ്ങിയിരിക്കുന്നതും അതിനെ അദ്ദേഹം കൈക്കുള്ളിൽ ഒതുക്കിപ്പിടിച്ചിരിക്കുന്നതുമാണ് കാരിക്കേച്ചറിലുള്ളത്. ഇങ്ങനെയാണെങ്കിൽ നമ്മളും ഈ താടിയിൽ കുടുങ്ങുമല്ലോ എന്നാണ് സുപ്രിയ കമന്‍റ് ചെയ്‌തത്. ഇരുവരും നേരിട്ട് സംസാരിക്കാറില്ലെ എന്നും ഈ കട്ട താടിക്ക് പിന്നിലെ രഹസ്യമെന്തെന്നുമാണ് കമന്‍റിന് ആരാധകർ നൽകിയ ചോദ്യങ്ങൾ. ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്‍റെ തയ്യാറെടുപ്പിനായി മൂന്ന് മാസത്തെ ഇടവേള എടുത്തിരിക്കുകയാണ് പൃഥിരാജ്. കെജിഎ ഫിലിംസിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രം ബെന്യാമിന്‍റെ പ്രശസ്‌ത നോവൽ ആടുജീവിതത്തെ അടിസ്ഥാമാക്കിയുള്ളതാണ്. എ.ആർ. റഹ്‌മാൻ 28 വർഷങ്ങൾക്ക് ശേഷം മലയാളസിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.