ബ്രോ ഡാഡിയുടെ പുത്തൻ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായെന്ന സന്തോഷമാണ് സംവിധായകൻ പുതിയതായി അറിയിച്ചിരിക്കുന്നത്.
44 ദിവസത്തെ ചിത്രീകരണത്തിന് ശേഷം തിങ്കളാഴ്‌ച ബ്രോ ഡാഡിക്ക് പാക്ക് അപ്പ് ആയി. ഹൈദരാബാദിലായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന്‍റെ ഷൂട്ടിങ്.
കാമറയ്ക്ക് മുന്നിൽ മോഹൻലാലിനെ കണ്ടുകൊണ്ടിരിക്കുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പറഞ്ഞു. ബ്രോ ഡാഡിയിലെ ലൊക്കേഷൻ ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജ് ഇക്കാര്യം കുറിച്ചത്. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് മോഹൻലാലിനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും സംവിധായകൻ നന്ദി അറിയിക്കുകയും ചെയ്‌തു. ബ്രോ ഡാഡിയുടെ ഭാഗമായ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും പൃഥ്വിരാജ് നന്ദി രേഖപ്പെടുത്തി.
More Read: പൃഥ്വിയുടെ 'ബ്രോ ഡാഡി' മോഹൻലാൽ
മോഹൻലാലിന്‍റെ മകനായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. മല്ലിക സുകുമാരനും നിർണായകവേഷം ചെയ്യുന്നുണ്ട്. മീന, കല്യാണി പ്രിയദർശൻ, ജഗദീഷ്, കനിഹ, ലാലു അലക്‌സ്, മുരളി ഗോപി, സൗബിൻ ഷാഹിർ എന്നിവരാണ് ബ്രോ ഡാഡിയിലെ മറ്റ് പ്രധാന താരങ്ങൾ.