യുവസംവിധായകരിൽ പ്രമുഖനായ ആഷിക് അബുവും നടൻ പൃഥ്വിരാജും ആദ്യമായി ഒരു ചിത്രത്തിനായി ഒരുമിക്കുന്നു. ഉണ്ട ചിത്രത്തിന്‍റെ രചയിതാവ് ഹർഷദും റമീസും തിരക്കഥ ഒരുക്കുന്ന ‘വാരിയംകുന്നൻ’ ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കുമെന്ന് സംവിധായകൻ ആഷിക് അബു തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ചിത്രത്തിൽ പ്രമേയമാകുന്നത്.
മലബാർ വിപ്ലവ നേതാവ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രവുമായി പൃഥ്വിയും ആഷിക് അബുവും
ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു അവതരിപ്പിക്കുന്നത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.
"ലോകത്തിന്‍റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്‍റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു," എന്നാണ് ആഷിക് അബു ഫേസ്ബുക്കിലൂടെ അറിയിച്ചത്. നടൻ പൃഥ്വിരാജും വാരിയംകുന്നന്‍റെ ചിത്രീകരണം ആരംഭിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.
മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു കുഞ്ഞഹമ്മദ് ഹാജി. 1921ലെ മലബാർ വിപ്ലവ നേതാവ് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ തിരശ്ശീലയിൽ എത്തിക്കുന്നത് ആഷിക് അബുവിന്‍റെ നിർമാണകമ്പനിയായ ഒപിഎം സിനിമാസിന്‍റെ ബാനറിൽ സിക്കന്ദർ, മൊയ്‌ദീൻ എന്നിവർ ചേർന്നാണ്. സംസ്ഥാന പുരസ്‌കാര ജേതാവ് സമീറ സനീഷാണ് ചിത്രത്തിന്‍റെ വസ്‌ത്രാലങ്കാരം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.