കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ സിനിമ ഷൂട്ടുകൾ പൂർണമായും നിർത്തിവക്കേണ്ടി വന്നിരുന്നു. 2021ലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതോടെ വീണ്ടും സിനിമ ചിത്രീകരണത്തിലേക്ക് മടങ്ങുകയാണ് പൃഥ്വിരാജ്.
ഭ്രമം എന്ന ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണത്തിലേക്ക് പോവുകയാണെന്ന് ഒരു സെൽഫി ചിത്രത്തിനൊപ്പം താരം ഫേസ്ബുക്കിൽ കുറിച്ചു. അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ മലയാളം റീമേക്കാണ് പൃഥ്വിരാജ് നായകനാകുന്ന ഭ്രമം. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിന് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങിയെങ്കിലും രണ്ടാം തരംഗത്തോടെ ഷൂട്ട് നിർത്തിവക്കേണ്ടി വന്നു.
ഷൂട്ടിന് പോകുന്നു... സെൽഫി ചിത്രവുമായി പൃഥ്വിരാജ്
'2021 ലോക്ക് ഡൗണിന് ശേഷം വീണ്ടും ജോലിയിലേക്ക് മടങ്ങുന്നു! ഭ്രമത്തിന്‍റെ അവസാന ഭാഗം ചിത്രീകരിക്കാന്‍ പോകുകയാണ്,' പൃഥ്വിരാജ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
More Read: ഭ്രമത്തിൽ നിന്ന് അഹാനയെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്‌ട്രീയ കാരണങ്ങളില്ലെന്ന് നിർമാതാക്കൾ
ഛായാഗ്രഹകനായ രവി കെ. ചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നതും സംവിധായകൻ തന്നെയാണ്. പൃഥ്വിരാജിനൊപ്പം മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, രാശി ഖന്ന, സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേ സമയം, നടൻ പ്രശാന്തിനെ മുഖ്യതാരമാക്കി, തമിഴിലും അന്ധാധുൻ ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നുണ്ട്.
കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം ചിത്രീകരിച്ച പൃഥ്വിരാജിന്‍റെ കോൾഡ് കേസ് ആമസോൺ പ്രൈം വീഡിയോയിൽ കഴിഞ്ഞ രാത്രി സംപ്രേഷണം ആരംഭിച്ചു.