ആയുഷ്മാൻ ഖുറാനക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ഹിന്ദി ചിത്രം അന്ധാദുൻ മലയാളത്തിലും റീമേക്കിനൊരുങ്ങുകയാണ്. പൃഥ്വിരാജും മംമ്ത മോഹൻദാസും മുഖ്യതാരങ്ങളാകുന്ന ഭ്രമം സംവിധാനം ചെയ്യുന്നത് രവി കെ. ചന്ദ്രനാണ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും പൂജാ ചടങ്ങുകളുടെ ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ഭ്രമത്തിലെ തന്‍റെ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്‌തതോടെ ആരാധകരും പൃഥ്വിരാജിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന് ലൈക്കുകളും കമന്‍റുകളുമായെത്തി. പോസ്റ്റ് ചെയ്‌ത് ഏഴ് മണിക്കൂറിനുള്ളിൽ 2,42,000ലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ഒപ്പം, ഭ്രമത്തിനായി കാത്തിരിക്കുകയാണെന്നും പോസ്റ്റിന് ചിലർ കമന്‍റ് കുറിച്ചു. ഉണ്ണി മുകുന്ദൻ, തെന്നിന്ത്യൻ താരം റാഷി ഖന്ന, ശങ്കർ, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ശരത് ബാലൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജേക്സ് ബിജോയിയാണ്. എ.പി ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് മലയാളം റീമേക്ക് നിർമിക്കുന്നത്. റാം രാഘവ് ഹിന്ദിയിൽ സംവിധാനം ചെയ്ത അന്ധാദുന്‍ തമിഴിലും എത്തുന്നുണ്ട്. സിമ്രാനും പ്രശാന്തുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.