ലോക്ക് ഡൗണിൽ താൻ കേട്ട ഏറ്റവും മികച്ച കഥയെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്. കഥയെഴുതിയത് മറ്റാരുമല്ല, മകൾ അല്ലിയാണ്. ഇംഗ്ലീഷിൽ ഗ്രാമർ പിഴവുകളോ അക്ഷരതെറ്റോ ഇല്ലാതെ സമകാലീന സംഭവങ്ങളോടടുത്ത് നിൽക്കുന്ന കഥ.
മകള്‍ അലംകൃത എഴുതിയ കഥയുടെ ഫോട്ടോയും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. മകളുടെ കഥക്കൊപ്പം താരം മറ്റൊരു സിനിമ ഒരുക്കുന്നതിനുള്ള ആലോചനയിലാണെന്ന സൂചനയും ഫേസ്ബുക്കിൽ പങ്കുവക്കുന്നു. ലൂസിഫർ എന്ന മലയാളത്തിലെ ബോക്സ് ഓഫിസ് ഹിറ്റിന് ശേഷം താൻ വീണ്ടും കാമറക്ക് പിന്നിലെത്തുന്നുവെന്നാണ് പൃഥ്വിരാജ് സൂചിപ്പിക്കുന്നത്.
പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'ഈ ലോക്ക് ഡൗണിൽ താൻ കേട്ട ഏറ്റവും മികച്ച കഥാതന്തു. പക്ഷേ, ഈ മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാൻ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാൻ മറ്റൊരു സ്‍ക്രിപ്റ്റ് തെരഞ്ഞെടുത്തു. അതെ, വീണ്ടും കാമറയ്‍ക്ക് പിന്നിലെത്താൻ ആലോചിക്കുന്നു.'
എന്നാൽ ലൂസിഫറിന്‍റെ പുതിയ പതിപ്പ് എമ്പുരാൻ അല്ല പൃഥ്വിരാജ് നൽകിയ സൂചനയിലുള്ള ചിത്രം. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ഒരു സിനിമ പിടിക്കാൻ പോകുകയാണെന്നും ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കാമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിനവസാനം കൂട്ടിച്ചേർത്തു.
Also Read: ഫെഫ്‌ക വഴി സഹപ്രവര്‍ത്തകര്‍ക്ക് പൃഥ്വിരാജിന്‍റെ കൈത്താങ്ങ്
അലംകൃത തന്‍റെ ആറാം വയസിൽ എഴുത്തിലും വായനയിലും അതീവ തൽപരയാണെന്ന് വ്യക്തമാക്കികൊണ്ട് നേരത്തെയും പൃഥ്വിരാജും ഭാര്യ സുപ്രിയയും ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.