യുഎഇയുടെ ഔദ്യോഗിക അംഗീകാരത്തിന്‍റെ നിറവിലാണ് മലയാളസിനിമ താരങ്ങൾ. പത്ത് വർഷം താമസകാലാവധി അനുവദിക്കുന്ന ഗോൾഡൻ വിസ ആദ്യമായി ലഭിച്ച മലയാളി താരങ്ങൾ മമ്മൂട്ടിയും മോഹൻലാലുമായിരുന്നു. ശേഷം ടൊവിനോ തോമസിനും നൈല ഉഷക്കും മിഥുൻ രമേഷിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. പുതിയതായി ഗോൾഡൻ വിസ നേടിയ മലയാളി താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് യൂത്ത് ഐക്കൺ പൃഥ്വിരാജാണ്.
'ഗോൾഡ് എന്ന സിനിമയ്‌ക്ക് മുന്നോടിയായി ഗോൾഡൻ വിസ കൈപ്പറ്റി,' എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒപ്പം അബുദബി ഭരണകൂടത്തിന് താരം നന്ദി അറിയിക്കുകയും ചെയ്‌തു. ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രവും താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് യുഎഇ ഭരണകൂടം മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. രണ്ടു വർഷം കൂടുമ്പോൾ പുതുക്കുന്ന വിസയ്‌ക്ക് പകരം പത്ത് വർഷത്തെ കാലാവധിയുള്ള വിസയാണിത്.
More Read: പൃഥ്വിരാജിന്‍റെയും നയൻതാരയുടെയും 'ഗോൾഡ്' തുടങ്ങി
ബ്രോ ഡാഡി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് രണ്ട് ആഴ്‌ചകൾക്ക് മുൻപ് പൂർത്തിയാക്കിയിരുന്നു. നയൻതാര നായികയാവുന്ന ഗോൾഡ് ആണ് പൃഥ്വിരാജിന്‍റെ അടുത്ത ചിത്രം. അൽഫോൺസ് പുത്രനാണ് ഗോൾഡ് സംവിധാനം ചെയ്യുന്നത്. സെപ്‌തംബർ എട്ടിനായിരുന്നു ആലുവയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിങ്ങിൽ നയൻതാര ഇതിനോടകം ഭാഗമായിട്ടുണ്ട്. അടുത്ത ആഴ്‌ചയോടെ പൃഥ്വിരാജും ചിത്രത്തിൽ പങ്കാളിയാകും.