അറുന്നൂറോളം മലയാള ചിത്രങ്ങൾ, അമ്പത്തിയാറ് തമിഴ് സിനിമകൾ, ഇരുപതോളം തെലുങ്ക് ചിത്രങ്ങളും മുപ്പതിലധികം കന്നഡ സിനിമകളും... പ്രേം നസീർ ഒരു നിത്യഹരിത നായകനാകുന്നത് വെള്ളിത്തിരയിൽ അയാൾ സൃഷ്‌ടിച്ച റെക്കോഡുകളിലൂടെ മാത്രമല്ല, അതിനുമുപരി പ്രണയവും വിരഹവും ആക്ഷനും കോമഡിയും അനായാസം ചെയ്‌ത് ഇന്നത്തെ തലമുറക്കും അയാളൊരു ഒരു അത്ഭുതമാകുന്നതിനാലാണ്. കാമറക്ക് മുൻപിൽ പാട്ടിന്‍റെ വരികൾ കൃത്യമായി പാടിയഭിനയിച്ച്, ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾക്ക് അമൂർത്തമായ അഭിനയമുഹൂർത്തങ്ങളിലൂടെ നിറം ചാലിച്ച് പ്രേം നസീർ ഒരു വിശ്വനായകനായി ഇന്നും സിനിമാസ്വാദകരുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നു. ആ ഓർമകൾക്കാവട്ടെ ഇന്ന് 32-ാം വയസ്.
പ്രേം നസീർ എന്ന പേര് നിർദേശിച്ചത് തിക്കുറുശ്ശിയാണ് മരുമകളിൽ തുടങ്ങി വിശപ്പിന്‍റെ വിളിയിലൂടെ കാലചക്രവും ശിക്ഷയും ധർമയുദ്ധവും കടന്ന് കടത്തനാടൻ അമ്പാടി വരെ നിൽക്കുന്ന എണ്ണിയാൽ തീരാത്ത ചിത്രങ്ങൾ... ഇതിൽ 781 സിനിമകളിലും നായകൻ പ്രേം നസീർ. ഒരു നായികക്കൊപ്പം 117 ചിത്രങ്ങൾ, ഏറ്റവും കൂടുതൽ ഡബിൾ റോളുകൾ 25 ചിത്രങ്ങളിലൂടെ... റെക്കോഡുകൾ തകർക്കപ്പെടാനുള്ളതാണെങ്കിൽ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും അതിനെ കവച്ചുവക്കാൻ ഒരു മലയാളിതാരത്തിനും ഇതുവരെയായിട്ടില്ല.
വിശപ്പിന്‍റെ വിളി എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു 1952ലെ മരുമകളിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അയാൾ അബ്ദുൾഖാദർ ആയിരുന്നു. എന്നാൽ, കാലത്തെ മുന്നിൽ കണ്ട് തിക്കുറിശ്ശി സുകുമാരൻ നായർ വിളിച്ച പ്രേം നസീർ പിന്നീടുള്ള ഓരോ സിനിമകളിലും ആ പേരിനെ അന്വർഥമാക്കുകയായിരുന്നു. സാധാരണക്കാരൻ മുതൽ പ്രമാണി വരെ, വടക്കൻപാട്ടിലെ വീരൻ മുതൽ സിഐഡി വരെ.... സിനിമാഭിനയത്തിന്‍റെ സർവമേഖലകളിലും 'നസീർ സാറി"ന്‍റെ മികവ് കാണാം. ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ആദ്യമലയാള നടൻ പരീക്ഷിക്കാത്ത സിനിമകളില്ല, പയറ്റിനോക്കാത്ത കഥാപാത്രങ്ങളില്ല, പാടിയഭിനയിക്കാത്ത പ്രണയരംഗങ്ങളില്ല.
പ്രേം നസീർ എന്ന പേര് നിർദേശിച്ചത് തിക്കുറുശ്ശിയാണ് പൊന്നാപുരം കോട്ട, അങ്കത്തട്ട്, നാഗമടത്ത് തമ്പുരാട്ടി, കടത്തനാടൻ അമ്പാടി, കണ്ണപ്പനുണ്ണി, പടയോട്ടം.... ഏറ്റവുമധികം വടക്കൻപാട്ടുകളിൽ നായകനായതും പ്രേം നസീർ തന്നെ. കസ്‌തൂരി മണക്കുന്നല്ലോ, കണ്ണാരം പൊത്തി പൊത്തി, ദീപാരാധന നടതുറന്നൂ, നീലനിശീഥിനി, അല്ലിയാമ്പൽ കടവിൽ, മഞ്ഞലയിൽ മുങ്ങിത്തപ്പി... പ്രണയിനിയോട് പ്രേമസുരഭിലമായി പ്രേം നസീർ പാടിയഭിനയിക്കുമ്പോൾ, സ്ക്രീനിലെ അയാളുടെ നിറസാന്നിധ്യം സിനിമാപ്രേമികൾ മടുക്കാതെ ആവർത്തിച്ചാവർത്തിച്ച് കണ്ടു. മിസ് കുമാരിയും അംബികയും ശാരദയും ഷീലയുമൊക്കെ പ്രണയനായകന്‍റെ പ്രിയങ്കരിയായി സിനിമയിൽ പകർന്നാടി... ആദ്യത്തെ ചോക്ലേറ്റ് നടനെന്ന വിശേഷണവും ആദ്യമായി മലയാളി ചാർത്തിക്കൊടുത്തത് ചിറയിൻകീഴിന്‍റെ സ്വന്തം നസീറിക്കക്കാണ്.
ഗിന്നസ് ബുക്കിലിടം നേടിയ ആദ്യ മലയാള ചലച്ചിത്ര താരം അത്ഭുതകലാകാരനെ മറക്കാനാവാത്ത കേരളം നസീർ സാറിന്‍റെ ജന്മനാട്ടിൽ ഒരു സ്മൃതി മണ്ഡപമൊരുക്കി. മൂന്നു പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നിട്ടും ചലച്ചിത്ര വിദ്യാർഥികൾക്കും സിനിമാപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ആ കലാകാരനുള്ള ആദരവ് കൂടിയാണ്. അന്ന് 1989 ജനുവരി 16ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മലയാളത്തിന്‍റെ രണ്ട് സൂപ്പർസ്റ്റാറുകളും ആ അനശ്വരനായകന്‍റെ ജീവനറ്റ ശരീരം തങ്ങളുടെ ചുമലിലേറ്റി ജന്മനാട്ടിലേക്കെത്തിച്ചത് ഇന്നും മലയാളിക്ക് മറക്കാനാവാത്ത വേദനയാണ്.
മലയാളത്തിന്‍റെ നിതൃഹരിത നായകനാണ് പ്രേം നസീർ തലമുറകൾ കടന്നുപോയാലും നടനപ്പുറം ഒരു തനിനാടൻ മലയാളിയായി ജിവിച്ച നസീർ ഒരു വിശ്വനടനായി ഇനിയും ഇവിടെ ജീവിച്ചിരിക്കും. നാളികേരത്തിന്‍റെ നാട്ടിൽ നാലിയിടങ്ങഴി മണ്ണുണ്ടെന്ന് പാടിയ പ്രേമനായകനെ കേരളീയരൊട്ടാകെ ഇന്നും ആദരിക്കുന്നു, സ്‌നേഹിക്കുന്നു... ഹരിതശോഭ മായാത്ത നായകനായി എന്നും ഓർമിക്കുന്നു.