ഈ കാലഘട്ടത്തിൽ കൊത്തിവച്ച രണ്ട് പ്രതിഭകളുടെ പേരുകൾ, ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും. ഫാന്‍സ് ക്ലബ്ബിന്‍റെ ആവശ്യമില്ലാത്ത താരങ്ങൾ. ട്രാൻസിലെ ഫഹദിന്‍റെയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജിന്‍റെയും പ്രകടനത്തെ പ്രശംസിക്കുകയാണ് നടൻ പ്രതാപ് പോത്തൻ. ഫഹദിന്‍റെ കഠിനാധ്വാനവും പാരമ്പര്യമായി കിട്ടിയ പ്രതിഭയും അദ്ദേഹത്തിന്‍റെ ഓരോ ചലനത്തിലും വ്യക്തമാണ്. ഒരു കസേര നീക്കുന്നതിലും നടക്കുന്നതിലെ പ്രത്യേകതയിലും അത് പ്രകടമാണ്. ആൻഡ്രോയിഡിൽ ഭാസ്‌കര പൊതുവാളെന്ന സുരാജിന്‍റെ കഥാപാത്രവും അവിസ്‌മരണീയമായിരുന്നു എന്ന് പ്രതാപ് പോത്തൻ പറയുന്നു. ഒപ്പം, രണ്ട് സിനിമകളിലെയും സംവിധായകരെയും അതിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.
ഫാന്‍സ് ക്ലബ്ബ് വേണ്ടാത്ത രണ്ട് താരങ്ങൾ: ഫഹദിനെയും സുരാജിനെയും കുറിച്ച് പ്രതാപ് പോത്തൻ - ആൻഡ്രായിഡ് കുഞ്ഞപ്പൻ സിനിമ
ട്രാൻസിലെ ഫഹദിന്‍റെ പ്രകടനത്തെയും ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ് വെഞ്ഞാറമൂടിന്‍റെ അഭിനയത്തെയും നടൻ പ്രതാപ് പോത്തൻ അഭിനന്ദിച്ചു
"ഇന്നലെ ഞാന്‍ തുടരെത്തുടരെ കണ്ട രണ്ട് മലയാള ചിത്രങ്ങള്‍. ഒന്നാമത്തേത് ട്രാന്‍സ്, പേരുപോലെ തന്നെ സിനിമ എന്നെ മോഹാലസ്യപ്പെടുത്തി. അന്‍വര്‍ റഷീദ് മികവുറ്റ രീതിയില്‍ സിനിമ അവതരിപ്പിച്ചു. കൂടാതെ, ക്യാമറയും എഡിറ്റിങ്ങും അതുപോലെ മികച്ചുനിന്നു. എന്നാല്‍ അതിനേക്കാൾ ആകർഷിച്ചത് ഫഹദ് ഫാസിലിന്‍റെ ഹൈ വോള്‍ട്ടേജ് പ്രകടനമാണ്. വളരെ ലളിതമായി ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചിത്രത്തെ അദ്ദേഹം കീഴടക്കി. ഗംഭീരമായ ശരീരഭാഷയും കോട്ടിന്‍റെ കൈ വലിച്ച് ശരിയാക്കുന്നതുപോലുള്ള ചെറിയ ചലനങ്ങൾ പോലും ഫഹദിനെ മികച്ച നടനാക്കി. ഈ തലമുറയിലെ എറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ ഫഹദ് വളരെ സിശേഷതയുള്ള നടനാണെന്ന് പറയാം. ഒരു ഇന്ത്യന്‍ പ്രണയകഥയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ നടത്തമടക്കം ഓരോ വേഷങ്ങളും വ്യത്യസ്തമായി അദ്ദേഹം ചെയ്യുന്നുണ്ട്. ഫഹദ് നടക്കുന്നതിലും ഒരു കസേര വലിക്കുന്നതിലും എല്ലാം അയാളുടെ നടനെന്ന രീതിയിലുള്ള കഠിനാധ്വാനവും ഡിഎൻഎയിലുള്ള പ്രതിഭയും വ്യക്തമാകുന്നുണ്ട്." ഇനിയും ഫഹദ് ഫാസിലിന്‍റെ വലിയ പ്രകടനങ്ങൾ കാണാനിരിക്കുന്നതേയുള്ളുവെന്നും നമ്മുടെ കാലത്തെ വലിയ നടന്‍മാർക്കൊപ്പം അദ്ദേഹത്തിന്‍റെ പേരും എഴുതപ്പെടുമെന്നും പ്രതാപ് പോത്തൻ വ്യക്തമാക്കി.
താൻ കണ്ട അടുത്ത ചിത്രം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.5 ആണ്. വ്യത്യസ്‌ത വിഷയം കൈകാര്യം ചെയ്‌ത സംവിധായകന്‍റെ വിജയത്തെയും താരം അഭിനന്ദിച്ചു. "ഒരു റോബോട്ടിനെയും വൃദ്ധനെയും വെച്ച് സിനിമ ചെയ്യാന്‍ സാധിക്കുമെന്നും അത് മികച്ച രീതിയില്‍ അവതരിപ്പിക്കാനാകുമെന്നും തെളിയിച്ചത് എന്നെ അത്ഭുതപ്പെടുത്തി. തീര്‍ത്തും വ്യത്യസ്തമായ പ്രമേയം സിനിമയാക്കിയതിന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനെയും തിരക്കഥാകൃത്തിനെയും ഞാന്‍ അഭിനന്ദിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ അത്യുഗ്രന്‍ പ്രകടനത്തെ ഉറപ്പായും എടുത്തുപറയേണ്ടത് തന്നെയാണ്. അവിസ്മരണീയമായ പ്രകടനം അദ്ദേഹം കാഴ്‌ച വച്ചു. ഫഹദും സുരാജും കഥാപാത്രങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതും." അവര്‍ അവരുടെ ജോലിയെയാണ് ആരാധിക്കുന്നത്. അതിനാൽ അവർക്ക് ഫാന്‍സ് ക്ലബ്ബിന്‍റെ ആവശ്യമില്ലെന്നും പ്രതാപ് പോത്തൻ സൂചിപ്പിച്ചു.