താരപരിവേഷങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതരീതി ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പ്രണവ് മോഹന്‍ലാലിന്‍റേത്. അത് നിരവധി തവണ ആരാധകര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. യാത്രകളെ സ്‌നേഹിച്ച് ജീവിതം ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാനിഷ്ടപ്പെടുന്ന പ്രണവ് ലാളിത്യം കലര്‍ന്ന മനസിനുടമയുമാണ്. അത് തെളിയിക്കുന്ന മറ്റൊരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
ഡ്രൈവറെ കൊണ്ട് എടുപ്പിച്ചില്ല; ഭാരമുള്ള ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹന്‍ലാല്‍ - ഹൃദയം
വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു പ്രണവ് മോഹന്‍ലാല്‍

ചെന്നൈ എയര്‍പോര്‍ട്ടിലാണ് സംഭവം. വലിയ യാത്രാബാഗ് തോളിലേറ്റി ഡ്രൈവര്‍ക്കൊപ്പം നടന്നുനീങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. ബാഗിന്‍റെ ചക്രം ഉപയോഗശൂന്യമായിരുന്നതിനാലാണ് തോളിലേറ്റിയത്. ഡ്രൈവറെ ബാഗെടുക്കാന്‍ സമ്മതിക്കാതെ ബാഗ് സ്വയം ചുമന്ന് കാറിനടുത്തേക്ക് നടക്കുകയാണ് താരപുത്രന്‍. ഡ്രൈവര്‍ പുറകെയും. എയര്‍പോര്‍ട്ടിലുണ്ടായിരുന്നു ഒരു മലയാളി പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് പ്രണവ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. വിനീതിന്‍റേത് തന്നെയാണ് തിരക്കഥ. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മിക്കുന്ന ചിത്രത്തിന് വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.