എറണാകുളം: നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും പ്രശംസകളും കരസ്ഥമാക്കിയ വെയിൽ മരങ്ങൾ എന്ന സിനിമയ്ക്ക് ശേഷം ഡോ.ബിജു സംവിധാനം ചെയ്‌ത ഓറഞ്ച് മരങ്ങളുടെ വീടിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. നെടുമുടി വേണുവാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ സൗണ്ട് മിക്‌സിങ് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ച വിവരം സംവിധായകൻ ഡോ.ബിജു തന്‍റെ ഫേസ്‍ബുക്കിലൂടെ അറിയിച്ചു. മുത്തശ്ശനേയും കൊച്ചുമകനേയും ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ നിരവധി സമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്.
-
ഓറഞ്ച് മരങ്ങളുടെ വീട് സൗണ്ട് മിക്‌സിങ്... ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചപ്പോൾ .. നിരവധി തവണ ദേശീയ സംസ്ഥാന...
Posted by Dr.Biju on Friday, October 9, 2020
നിരവധി തവണ ദേശീയ -സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സൗണ്ട് എഞ്ചിനീയർ പ്രമോദ് തോമസാണ് സൗണ്ട് മിക്‌സിങ് നിര്‍വഹിക്കുന്നത്. പ്രമോദുമായി ചേര്‍ന്ന് ഡോ.ബിജു ചെയ്യുന്ന ഒമ്പതാമത്തെ സിനിമ കൂടിയാണ് ഓറഞ്ച് മരങ്ങളുടെ വീട്. ഇന്ത്യ- ചൈന കോ- പ്രൊഡക്ഷൻസിൽ ഒരുങ്ങുന്ന സിനിമ സിറാജ് ഷാ, വിജയശ്രീ.പി, ബിജു കുമാർ, ഉഷാദേവി ബി.എസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. പി.ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർദ്ധൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. യദു കൃഷ്ണനാണ് സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിങ് നിർവഹിക്കുന്നത് ഡേവിസ് മാനുവലാണ്. സന്തോഷ് ചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.