നടിയായും അവതാരികയായും ഫാഷന്‍ ഡിസൈനറായും പ്രേക്ഷകമനം കവര്‍ന്ന നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. തന്‍റെ നല്ലപാതിയായ ഭര്‍ത്താവ് പ്രണയം പറഞ്ഞതും ആദ്യമായി പകര്‍ത്തിയ ഒരുമിച്ചുള്ള ചിത്രവുമാണ് പൂര്‍ണിമ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായി പതിനേഴ് വര്‍ഷം തികയുന്ന വേളയില്‍ തങ്ങളുടെ പ്രണയകാലത്തെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമയുടെ കുറിപ്പ്. ചിത്രം പകര്‍ത്തിയത് അമ്മ മല്ലിക സുകുമാരനാണെന്നും അന്ന് തങ്ങള്‍ പ്രണയബദ്ധരാണെന്ന കാര്യം അമ്മക്കറിയുമായിരുന്നോയെന്ന് പോലും അറിയാതെ തൊണ്ട വരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്യുന്നതെന്നും പൂര്‍ണിമ കുറിപ്പില്‍ പറയുന്നു. രസകരമായ ഭാഷയില്‍ പൂര്‍ണിമ പങ്കുവെക്കുന്ന കുറിപ്പ് ആരധകരും ഏറ്റെടുത്തു.
പ്രണയകാല ഓര്‍മകള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് - പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
വിവാഹവാര്‍ഷിക ദിനത്തിലാണ് ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് സുകുമാരന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരുമിച്ചുള്ള ആദ്യ ചിത്രവും മനോഹരമായ കുറിപ്പും പൂര്‍ണ്ണിമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്
'ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ... ഇത് എടുക്കപ്പെട്ട ദിവസമാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് 21 വയസും ഇയാള്‍ക്ക് 20 വയസും ഞാനൊരു നടിയായിരുന്നു. ഇയാള്‍ ഒരു വിദ്യാര്‍ഥിയും. ഈ ദിവസം എനിക്കു നല്ല പോലെ ഓര്‍മയുണ്ട്. ഓഹ്.... ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. ഹൃദയമിടിപ്പ് കൂടി... തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്.' 'ഒരു കാര്യം അറിയാമോ? ഫോട്ടോ എടുത്തത് മല്ലിക സുകുമാരന്‍. എനിക്കന്നറിയില്ല, ഞങ്ങളുടെ തലയില്‍ 'പുകയുന്നതെല്ലാം' അമ്മക്കന്ന് മനസിലായിരുന്നോയെന്ന്... പക്ഷേ ഇന്ന് ശരിക്കുമറിയാം. എല്ലാം അറിഞ്ഞിരിക്കും. മൂന്നു വര്‍ഷത്തെ പ്രണയകാലം.. പതിനേഴ് വര്‍ഷത്തെ വൈവാഹികജീവിതം... ഹാപ്പി ആനിവേഴ്സറി.. ഇന്ദ്രാ..' പൂര്‍ണിമ കുറിച്ചു. നിരവധിപേരാണ് ഇരുവര്‍ക്കും വിവാഹവാര്‍ഷിക മംഗളങ്ങള്‍ നേര്‍ന്ന് രംഗത്തെത്തിയത്.