മാസ്റ്ററിന് ശേഷം വരുന്ന പുതിയ ദളപതി ചിത്രത്തിൽ വിജയ്‌യുടെ നായികയാകുന്നത് തെന്നിന്ത്യന്‍ താരസുന്ദരി പൂജ ഹെഗ്ഡെ. അല്ലു അർജുന്‍റെ അല വൈകുണ്ഡപുരമുലോ (അങ്ങ് വൈകുണ്ഠപുരത്ത്) എന്ന ഹിറ്റ് ചിത്രത്തിലൂടെ പൂജ തെന്നിന്ത്യക്ക് മുഴുവൻ സുപരിചിതയായിരുന്നു. റിലീസിനൊരുങ്ങുന്ന രാധേ ശ്യാം എന്ന സിനിമയിൽ പ്രഭാസിന്‍റെ നായികയായും പൂജ ഹെഗ്‌ഡെ എത്തുന്നുണ്ട്. കൂടാതെ, ദുൽഖർ സൽമാന്‍റെ നായികയായി പൂജ അഭിനയിക്കുമെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദളപതി 65ലും പൂജ പ്രധാന താരമായി സാന്നിധ്യമറിയിക്കുമെന്ന് വാർത്തകൾ വരുന്നത്.
ദളപതി 65ൽ നായിക പൂജ ഹെഗ്‌ഡെ - vijay 65 pooja hegde news
അല വൈകുണ്ഡപുരമുലോ, രാധേ ശ്യാം ചിത്രങ്ങളിലൂടെ തെന്നിന്ത്യക്ക് സുപരിചിതയായ പൂജ ഹെഗ്ഡെ ദളപതി വിജയ്‌യുടെ നായികയാകും.
ചിത്രത്തിലെ നായികയായി പൂജ ഹെഗ്‌ഡെയെ നിർമാതാക്കൾ പരിചയപ്പെടുത്തിയിട്ടില്ലെങ്കിലും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ദളപതി വിജയ്‌യുടെ 65-ാം ചിത്രം സംവിധാനം ചെയ്യുന്നത് തമിഴകത്തിന്‍റെ യുവസംവിധായകൻ നെൽസൺ ദിലീപ് കുമാറാണെന്ന് നേരത്തെ നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു. നയൻതാര നായികയായ കൊലമാവ് കോകില, ശിവകാർത്തികേയൻ ചിത്രം ഡോക്‌ടർ ചിത്രങ്ങളുടെ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ.
അതേ സമയം, ഇതുവരെ കാണാത്ത വ്യത്യസ്തമായ വേഷത്തിലാണ് വിജയ് എത്തുന്നതെന്നും സൂചനയുണ്ട്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന വിജയ് ചിത്രം പല ഭാഷകളിലായി ഒരുമിച്ച് റിലീസ് ചെയ്യും. ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി ചിത്രത്തിൽ വില്ലന്‍ കഥാപാത്രമാകുമെന്നും റിപ്പോർട്ടുകളുണ്ട്. തമിഴകത്തിന്‍റെ പ്രശസ്‌ത യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ദളപതി 65ന്‍റെ സംഗീതം ഒരുക്കുന്നത്.