തമിഴകത്തിനും ബോളിവുഡിനും സുപരിചിതനായ ധനുഷ്, ദി ഗ്രേ മാൻ ചിത്രത്തിലൂടെ ഹോളിവുഡിൽ രണ്ടാമതും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. അക്ഷയ് കുമാറിനും സാറാ അലി ഖാനുമൊപ്പമുള്ള അത്‌രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിനായും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ധനുഷ് ആരാധകർ.
കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ധനുഷിന്‍റെ മറ്റൊരു ചിത്രം ഒരുങ്ങുന്നതായി അടുത്തിടെ പ്രഖ്യാപനം ഉണ്ടായിരുന്നു. ദേശീയ പുരസ്‌കാര ജേതാവായ തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകൻ ശേഖര്‍ കമുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ടൈറ്റിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രണ്ട് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും. ശേഖര്‍ കമുല ഒരു മുൻനിര താരത്തെ ആദ്യമായി തന്‍റെ ചിത്രത്തിലെ നായകനാക്കുമ്പോൾ, നായിക ആരായിരിക്കുമെന്നും ആരാധകർ ആകാംക്ഷയിലാണ്.