എറണാകുളം: കൊച്ചി ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മെട്രോ ട്രെയിനിൽ യാത്ര ചെയ്‌താണ് പ്രതികൾ മാളിലേക്ക് വന്നതെന്നും മടങ്ങിയതെന്നും പൊലീസ് കണ്ടെത്തി. ഇതേ തുടർന്ന് മെട്രോയിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. ഇവർ ഷോപ്പിങ് മാളിൽ പ്രവേശിച്ചത് പേരുവിവരങ്ങൾ നൽകാതെയാണെന്നും വ്യക്തമായിട്ടുണ്ട്.
യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി - police tightened investigation news
മെട്രോ ട്രെയിനിൽ യാത്ര ചെയ്‌ത് ഷോപ്പിങ് മാളിലേക്ക് വന്ന പ്രതികളുടെ ദൃശ്യങ്ങൾ മെട്രോയിലെ സിസിടിവി കാമറയിൽ നിന്നും പൊലീസ് പരിശോധിച്ചു
25 വയസ് തോന്നുന്ന പ്രതികൾ മാളിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മാളിലേക്ക് പ്രവേശിക്കുകയായിരുന്നു. ദൃശ്യങ്ങൾ പൊലീസ് നടിയെ കാണിച്ച് വ്യക്തത വരുത്തും. നടിയെ കൊച്ചിയിലെ വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും വിവരങ്ങൾ ശേഖരിക്കുക. കഴിഞ്ഞ ദിവസം നടിയുടെ അമ്മയിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ രണ്ട് പേർ ചേർന്ന് നടിയെ അപമാനിക്കാൻ ശ്രമിച്ചത്.
തന്നെ ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചുവെന്നത് നടിയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ, പരാതി നൽകാനില്ലെന്ന് യുവനടിയുടെ കുടുംബം അറിയിച്ചിട്ടുണ്ട്. കളമശ്ശേരി പൊലീസ് മാളിലെ ദൃശ്യങ്ങൾ പരിശോധിച്ച് തുടർന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു. വനിതാ കമ്മിഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. നടിയെ നേരിൽ കണ്ട് വനിതാ കമ്മിഷനും വിവരങ്ങൾ ശേഖരിക്കും. പൊലീസിനോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.