തിരുവനന്തപുരം: കൊവിഡ് ബാധിച്ചതിനെ തുടർന്ന് കവയത്രി സുഗതകുമാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിലാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. നേരത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
കവയത്രി സുഗതകുമാരിക്ക് കൊവിഡ്; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ - കവയിത്രി സുഗതകുമാരി കൊവിഡ് വാര്‍ത്തകള്‍
ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ് അറിയിച്ചു

കൊവിഡിനൊപ്പം ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസവും നേരിടുന്നുണ്ട്. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്‍റെ നിരീക്ഷണത്തിലാണിപ്പോള്‍ സുഗതകുമാരി. നോൺ ഇൻവേറ്റീവ് വെന്‍റിലേഷന്‍റെ സഹായത്തോടെയാണ് ചികിത്സ നൽകുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ് അറിയിച്ചു.
86കാരിയായ സുഗതകുമാരി പരിസ്ഥിതി, സാമൂഹ്യവിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയയാണ്. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന സുഗതകുമാരി വനിതാ കമ്മീഷൻ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മശ്രീ, വയലാര്‍ അവാര്‍ഡ്, ആശാൻ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.