എറണാകുളം: പിഞ്ചുകുഞ്ഞ് മുതൽ വയോധിക വരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്ന് നമ്മുടെ ഇന്ത്യയിലേത്. പല രീതിയിൽ മനുഷ്യനും അവന് ചുറ്റുമുള്ള സമൂഹവും പുരോഗമിച്ചിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും നാൾക്കുനാൾ വർധിക്കുന്നു. സ്ത്രീകൾ തങ്ങളുടെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ അഭിമുഖീകരിക്കുന്ന അല്ലെങ്കിൽ നേരിടുന്ന അക്രമങ്ങളും, പീഡനങ്ങളും ഒരു ഫോട്ടോഷൂട്ടായി പകര്‍ത്തി ബോധവത്ക്കരണം നടത്തുകയാണ് തിരുവല്ല സ്വദേശി വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫർ. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. സ്ത്രീകളുടെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഫോട്ടോകൾ ആശയം കൊണ്ടും പുതുമ കൊണ്ടും വേറിട്ട് നിൽക്കുന്നു. ഒരു സ്ത്രീ കൗമാരത്തിലും യൗവനത്തിലും വാർധക്യത്തിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയാണ് വിഷ്ണു ഫോട്ടോഷൂട്ടിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
സ്‌ത്രീ പൊതുസമൂഹത്തിലും ഗൃഹഭരണത്തിലും മൗനം പാലിക്കണം എന്ന ചിന്തയെ ചൂണ്ടിക്കാണിക്കുന്ന തരത്തിൽ ഫോട്ടോകളിൽ സ്ത്രീയുടെ വായ മറച്ചിട്ടുണ്ട്. ഗൂഗിൾ സെർച്ച് വെച്ചാണ് വായ മറച്ചിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിന്‍റെ ആശയവും പുതുമയും അവിടെയാണ്. 'എന്ത് കൊണ്ട് പെൺകുട്ടികൾ സ്വീകാര്യർ അല്ലാതാകുന്നു?, എന്തുകൊണ്ട് ഇന്ത്യയിൽ പെൺകുട്ടികൾ സുരക്ഷിതരല്ല?, എന്തുകൊണ്ടാണ് ഇന്ത്യയിലെ ഭൂരിഭാഗം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്?' എന്നീ ചോദ്യങ്ങളാണ് ചിത്രത്തിനൊപ്പം ഗൂഗിൾ സെർച്ച് പോലെ നൽകിയിരിക്കുന്നത്. ഇരുവശങ്ങളിലും മുടികെട്ടിവച്ച് നിറകണ്ണുകളോടെ നിൽക്കുന്ന ഒരു പെൺകുട്ടിയാണ് ആദ്യ ചിത്രത്തിൽ. രണ്ടാം ചിത്രം വിഷാദയായ ഒരു വിവാഹിതയുടേതാണ്. 'പിതൃമേധാവിത്തം ഇപ്പോഴും നിലനിൽക്കുന്നത് എന്തുകൊണ്ടാണ്?, എന്ത്കൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ നടക്കുമ്പോൾ സ്ത്രീകളുടെ വസ്ത്രധാരണത്തെ പഴി ചാരുന്നത്?, എന്തുകൊണ്ടാണ് ഇന്ത്യയിൽ മാരിറ്റൽ റേപ് കുറ്റകരമല്ലാത്തത്?, എന്തുകൊണ്ടാണ് സ്ത്രീയെ ഗാർഹിക പീഡനത്തിന് ഇരയാകുന്നത്?' തുടങ്ങിയവയാണ് ചിത്രത്തിനൊപ്പം ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾ.