കമൽ ഹാസൻ ചിത്രം 'മൈക്കേൽ മതൻ കാമ, രാജൻ' എന്ന ചിത്രത്തിനായി ഇളയരാജ ഈണം രചിച്ച ഗാനം മുപ്പത് വർഷങ്ങൾക്ക് ശേഷം യുവാക്കള്‍ക്കിടയില്‍ തരംഗമാവുകയാണ്. 'പേർ വച്ചാലും വെക്കാമാ...' എന്ന ഗാനത്തിന്‍റെ റീമിക്‌സ് യുവൻ ശങ്കർ രാജയിലൂടെ വന്നതോടെയാണ് നവമാധ്യമങ്ങളിൽ പാട്ട് ഹിറ്റായത്.
സന്താനം നായകനാകുന്ന 'ടിക്കിലോനാ' എന്ന ചിത്രത്തിനായാണ് ഇളയരാജയുടെ മകനും പ്രമുഖ സംഗീതജ്ഞനുമായ യുവൻ റീമിക്‌സ് വേർഷൻ ഒരുക്കിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെയും ഡിജെയിലും മറ്റും പാട്ടിന്‍റെ പുതിയ പതിപ്പ് ആധിപത്യം നേടിയതോടെ റിലീസ് ചെയ്‌ത് ആഴ്‌ചകൾക്കുള്ളിൽ തന്നെ റീമേക്‌സ് ഒരു കോടിയിലധികം കാഴ്‌ചക്കാരെ യൂട്യൂബിൽ സ്വന്തമാക്കി.