ഓട്ടിസം എന്ന അവസ്ഥയെ സംഗീതത്തിലൂടെയും ഖുർആൻ പഠനത്തിൽ പ്രത്യേക കഴിവ് കാണിച്ചും മറികടന്ന മർവാൻ മുനവ്വറിനെ മറന്നുകാണില്ല. കലയിലൂടെയും തന്‍റെ കഴിവിലൂടെയും പരിമിതികളെ മറികടന്ന കാസർകോട്ടുകാരന്‍ മർവാനെ നേരത്തെ മലയാളിക്ക് പരിചയമുണ്ട്.
ഭാരതീയർ നാം: ഇന്ത്യയിലെ ഭിന്ന ശേഷികുട്ടികളുടെ ആദ്യ മ്യൂസിക് ബാൻഡിൽ നിന്ന് ദേശഭക്തി ഗാനം - ks chitra autism children song
അക്കര മ്യൂസിക് ബാൻഡ് പുറത്തുവിട്ട ഭാരതീയർ നാം ആലപിച്ചത് ഓട്ടിസം എന്ന അവസ്ഥയെ അതിജീവിച്ച മർവാൻ മുനവ്വറാണ്. ഗായിക കെ.എസ് ചിത്ര വീഡിയോ ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു
ഇന്ന് രാജ്യം എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആചരിക്കുന്ന വേളയിൽ ദേശഭക്തിഗാനവുമായി എത്തിയിരിക്കുകയാണ് മർവാനും സുഹൃത്തുക്കളും. ഇന്ത്യയിലെ തന്നെ ഭിന്ന ശേഷികുട്ടികളുടെ ആദ്യത്തെ മ്യൂസിക് ബാൻഡായ അക്കര മ്യൂസിക് ബാൻഡ് ആണ് 'ഭാരതീയർ നാം' എന്ന ഗാനം പുറത്തിറക്കിയത്. മർവാൻ മുനവ്വറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗണേഷ് കട്ടയം രചിച്ച ദേശസ്‌നേഹം സ്‌ഫുരിക്കുന്ന പാട്ട് ചിട്ടപ്പെടുത്തിയത് നിർഷാദ് നിനിയാണ്.
തന്‍റെ ജന്മസിദ്ധമായ ശുദ്ധ സംഗീത വഴികളിലൂടെ ഓട്ടിസത്തെ കീഴ്‌പ്പെടുത്തി സംഗീത ലോകത്ത് പുത്തൻ കയ്യൊപ്പ് ചാർത്തുന്ന മർവാൻ മുനവ്വറിനെ വീഡിയോ ഗാനം പങ്കുവെച്ചുകൊണ്ട് ഗായിക കെ.എസ് ചിത്ര അഭിനന്ദിച്ചു. മർവാനും അക്കര മ്യൂസിക് ബാൻഡിനും ആശംസയറിയിച്ച് നിരവധി പേർ വീഡിയോ ഗാനത്തോട് പ്രതികരിച്ചിട്ടുണ്ട്.