കേരളം

kerala

ETV Bharat / sitara

ഉറൂബിന്‍റെ രാച്ചിയമ്മ ഇതല്ല; പാർവതിയുടെ സിനിമക്കെതിരെ കടുത്ത വിമർശനം

പാര്‍വതിയുടെ കിടിലന്‍ മേക്കോവർ വൈറലായെങ്കിലും ഇരുണ്ട നിറമുള്ള രാച്ചിയമ്മ എങ്ങനെ വെളുത്തതാകും എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഒപ്പം, അഡ്വ. കുക്കു ദേവകി, ദീപ നിശാന്ത്, സംവിധായകന്‍ ബിജു ദാമോദരൻ എന്നിവരും ഇതേ വിമർശനവുമായി എത്തിയിട്ടുണ്ട്.

Parvathy's new character as Rachiyamma  Rachiyamma  Parvathy Thiruvoth  Biju Damodaran  Adv. Cuckoo Devaki  Deepa Nishanth  Uroob's Rachiyamma  Uroob's Rachiyamma into film  Deepa Nishanth on Uroob's Rachiyamma  Adv. Cuckoo Devaki on roob's Rachiyamma  Biju Damodaran on Uroob's Rachiyamma  Rachiyamma criticised in social media  ഉറൂബിന്‍റെ രാച്ചിയമ്മ ഇതല്ല  പാർവ്വതിയുടെ സിനിമക്കെതിരെ കടുത്ത വിമർശനം  പാർവ്വതി തിരുവോത്ത്  ഉറൂബിന്‍റെ രാച്ചിയമ്മ  അഡ്വ. കുക്കു ദേവകി  സംവിധായകന്‍ ബിജു ദാമോദരൻ  ദീപ നിശാന്ത്
ഉറൂബിന്‍റെ രാച്ചിയമ്മ ഇതല്ല

By

Published : Jan 18, 2020, 1:31 PM IST

ഉറൂബിന്‍റെ രാച്ചിയമ്മയായുള്ള പാർവതി തിരുവോത്തിന്‍റെ പുതിയ മേക്കോവർ ശ്രദ്ധേയമായിരുന്നു. മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ വേണുവാണ് സംവിധായകൻ. പാര്‍വതിയുടെ കിടിലന്‍ മേക്കോവർ വൈറലായെങ്കിലും ഇരുണ്ട നിറമുള്ള രാച്ചിയമ്മ എങ്ങനെ വെളുത്തതാകും എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഒപ്പം, അഡ്വ. കുക്കു ദേവകി, ദീപ നിശാന്ത്, സംവിധായകന്‍ ബിജു ദാമോദരൻ എന്നിവരും ഇതേ സംശയവുമായി എത്തിയിട്ടുണ്ട്.
കരിങ്കല്‍ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്നാണ് അഡ്വ. കുക്കു ദേവകി വിമർശിച്ചത്. കരുത്തുള്ള പെണ്ണിനെ അവതരിപ്പിക്കാൻ കരുത്തുള്ള പെണ്ണു തന്നെയാണ് വേണ്ടതെങ്കിലും കറുത്തമ്മയെ വെളുത്തമ്മയാക്കിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ദീപ നിശാന്ത്. എന്നാൽ, പാർവ്വതിയെ ഉറൂബിന്‍റെ പോലുള്ള രാച്ചിയമ്മയാക്കാൻ സാധിക്കും അതിനായി കാത്തിരിക്കുന്നുവെന്നും അവർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. വെളുത്ത നായികയെ കറുത്ത പെയിന്‍റ് അടിച്ച് അവതരിപ്പിക്കുന്ന കാലഘട്ടത്തിൽ നിന്നും മലയാള സിനിമ മുന്നോട്ട് പോയിട്ടില്ലെന്നും വെളുത്ത ശരീരം, സവർണത, താര മൂല്യം എന്നിവയുടെ കോമ്പോയാണ് ഇപ്പോഴും പ്രകടമായിട്ടുള്ളതെന്നുമാണ് സംവിധായകൻ ബിജു ദാമോദരൻ പറഞ്ഞത്.

"ഉറൂബിന്‍റെ രാച്ചിയമ്മ സിനിമയാകുന്നതിന്‍റെ പടമാണ് താഴെ.. രാച്ചിയമ്മയായി പാർവതിയാണ്..
നോക്കൂ... എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണത്... ഞാൻ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്നം..
എങ്ങനെ പറയാതിരിക്കും? കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത്
ചിന്തയുടെ അടിസ്ഥാനത്തിലാണ്?... നമ്മൾ വീണ്ടും വീണ്ടും പറയുമ്പോൾ അരോചകപ്പെട്ടിട്ട് കാര്യമില്ല..
ഇതാണ് സത്യം... ഇതാണ് കറുപ്പിനോടുള്ള സമീപനം!!" അഡ്വ. കുക്കു ദേവകി വിമർശിച്ചു.

"ഉറൂബിന്‍റെ രാച്ചിയമ്മയായി പാർവതിയെത്തുന്നു. സന്തോഷമുള്ള വാർത്ത.. കരുത്തുള്ള പെണ്ണിനെ അവതരിപ്പിക്കാൻ കരുത്തുള്ള പെണ്ണു തന്നെ വരട്ടെ.. എന്നാലും ഈ ചിത്രം കണ്ടപ്പോൾ ഒരു സങ്കടം. 'കരിങ്കൽപ്രതിമപോലുള്ള ശരീരം' എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച പെണ്ണാണ്! 'ടോർച്ചടിക്കും പോലുള്ള ഇടിമിന്നൽച്ചിരിയുള്ള ' പെണ്ണാണ്! 'കറുത്തു നീണ്ട വിരൽത്തുമ്പുകളിൽ അമ്പിളിത്തുണ്ടുകൾ പോലുള്ള ' നഖങ്ങളോടുകൂടിയ പെണ്ണാണ്! ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോൾ രാച്ചിയമ്മയെ കണ്ടറിയാൻ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്‍റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! നിറത്തിലൊന്നും വലിയ കാര്യമൊന്നുമില്ല. എന്നാലും രാച്ചിയമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് വായനക്കാർക്ക് ഉറൂബിട്ടു കൊടുക്കുന്ന ഒരു രൂപമുണ്ട്. ആ രൂപത്തിലേക്ക് പാർവതിയെ കൊണ്ടുവരാൻ വലിയ പ്രയാസമൊന്നും കാണില്ല. രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു," ദീപാ നിശാന്ത് പറയുന്നു.
"കറുത്ത നായികയെ അവതരിപ്പിക്കാൻ വെളുത്ത നായികയെ കറുത്ത പെയിന്‍റ് അടിച്ചു ഫാൻസി ഡ്രസ്സ് നടത്തുന്ന കാലത്തിൽ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല..മലയാള സിനിമയുടെ ജാതി വർണ വ്യവസ്ഥകൾ പി.കെ.റോസി മുതൽ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ..പുതു തലമുറയിൽ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെൺകുട്ടികൾ ഇപ്പോൾ ഉണ്ട്..എന്നിട്ടും...ഓ മറന്നു പോയി..മലയാള സിനിമ എന്നാൽ വെളുത്ത ശരീരം, സവർണ്ണത, താര മൂല്യം എന്നിവയുടേക്കെ ഒരു കോംബോ ആണല്ലോ..ഏതായാലും കഷ്ടം തന്നെ മലയാള സാഹിത്യത്തിൽ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കുമ്പോൾ വെളുത്ത ശരീരം കറുപ്പിക്കാൻ ബ്ളാക്ക് പെയിന്റും ബ്രഷും വാങ്ങാൻ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവർത്തകരും ആ പെയിന്റ് അടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നത്..കലയും രാഷ്ട്രീയവും ഒക്കെ ലോകമെമ്പാടും സാമ്പ്രദായിക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി കൊണ്ടിരിക്കുന്ന ഒരു കാലമാണ്..ലോകത്തെ ഏറ്റവും പ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ ഈ വർഷം ജൂറി പ്രസിഡന്റ് ആകുന്നത് സ്പൈക് ലീ എന്ന കറുത്ത വംശജനായ സംവിധായകൻ ആണ്..ഹാറ്റി മക് ഡാനിയേൽ എന്ന കറുത്ത വംശജയായ അമേരിക്കൻ നടി ചരിത്രത്തിൽ ആദ്യമായി ഒരു ഓസ്കാർ നേടിയിട്ട് 80 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു..(1939 ൽ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം).2018 ൽ ഒപ്റാഹ് വിൻഫ്രി എന്ന കറുത്ത വംശജയായ നടിയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ്‌നുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിക്കുമ്പോൾ അവർ നടത്തിയ മറുപടി പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. കറുത്ത നിറമുള്ള.ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നിൽക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല. അത് ഇവിടെ മലയാള സിനിമയിൽ നില നിൽക്കുന്ന സോഷ്യൽ ക്ളാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണ്. നിങ്ങളുടെ സിനിമയിൽ ആരഭിനയിക്കണം എന്നതും വെളുത്ത ശരീരം കറുപ്പടിച്ചു നിറം മാറ്റി അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം..നിങ്ങളുടെ അവകാശം..അതിനൊന്നും കുഴപ്പമില്ല പക്ഷെ നാളെ വീണ്ടും പുരോഗമന സാമൂഹിക കാഴ്ചപ്പാടും നിറത്തിന്റെ രാഷ്ട്രീയവും സാമൂഹിക പ്രസക്തിയും പി.കെ.റോസിയുടെ പേരും ഒക്കെ നിങ്ങൾ തന്നെ പറയുന്നത് കേൾക്കേണ്ടി വരുമല്ലോ എന്ന് വെറുതെ ഓർത്തു പോയി..." മലയാളസിനിമയുടെ പ്രവണതക്കെതിരെ തുറന്നടിച്ച് കൊണ്ട് ബിജു ദാമോദരൻ വിശദീകരിച്ചു.

എണ്ണക്കറുപ്പുള്ള മിടുക്കി പെണ്ണിനെയാണ് തിരശീലയിൽ പ്രതീക്ഷിക്കുന്നത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന കറുപ്പിന്റെ രാഷ്ട്രീയം, കറുപ്പിന്റെ അവസരങ്ങൾ അർഹതപ്പെട്ട കലാകാരിയിലേക്ക് എത്തട്ടെയെന്നുമുള്ള പ്രതീക്ഷകൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details