കേരളം

kerala

ETV Bharat / sitara

'മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയില്ല' അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച് പാര്‍വതി തിരുവോത്ത് - ഇടവേള ബാബു

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ മോശം പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍വതി തിരുവോത്ത് ഫേസ്ബുക്കില്‍ കുറിച്ചു

Parvathy Thiruvoth resigns from AMMA Association  AMMA Association  അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച് പാര്‍വതി തിരുവോത്ത്  പാര്‍വതി തിരുവോത്ത്  അമ്മ സംഘടന  ഇടവേള ബാബു  ഇടവേള ബാബു വാര്‍ത്തകള്‍
'മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയില്ല' അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച് പാര്‍വതി തിരുവോത്ത്

By

Published : Oct 12, 2020, 7:39 PM IST

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ മോശം പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവെച്ചിരിക്കുകയാണ് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി വിവരം പാര്‍വതി അറിയിച്ചത്. ഒരു മാധ്യമത്തിന് ഇടവേള ബാബു നല്‍കിയ അഭിമുഖം കണ്ടശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. സംഘടന തഴഞ്ഞ ഒരു വനിതാ അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് ഇടവേള ബാബു പറഞ്ഞ വാക്കുകള്‍ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമാണെന്നും വാക്കുകൾ ഒരിക്കലും തിരുത്താനാവില്ലെന്നുംഒപ്പം അമ്മയില്‍ നിന്ന് രാജിവെക്കാന്‍ ഇടവേള ബാബു തയ്യാറാകണമെന്നും പാര്‍വതി പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

'2018ൽ എന്‍റെ സുഹൃത്തുക്കൾ അമ്മയിൽ നിന്ന് പിരിഞ്ഞുപോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്ത് നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ച് പേരെങ്കിലും വേണം എന്ന് തോന്നിയതുകൊണ്ടാണ്. പക്ഷെ അമ്മ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്‍റെ അഭിമുഖം കണ്ടതിന് ശേഷം സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് അയാൾ പറഞ്ഞ വാക്കുകള്‍ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമാണ്. വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റര്‍ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്‌ത് തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റ് പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്‌ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുകയെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ അമ്മയിൽ നിന്നും രാജിവെക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജിവെക്കണമെന്ന് ഞാൻ ശക്തമായി ആവശ്യപ്പെടുന്നു. മനസാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുമെന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു....' ഇതായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ABOUT THE AUTHOR

...view details