നടി പാർവതി തിരുവോത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'വർത്തമാനം'. നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ പുറത്തിറക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ആദ്യ പോസ്റ്റർ പുറത്തുവിട്ടത്. തലയിൽ തട്ടമിട്ട പെൺകുട്ടിയുടെ വേഷത്തിലുള്ള പാർവതിയാണ് ഫസ്റ്റ് ലുക്കിലുള്ളത്.
പാർവതിയുടെ 'വർത്തമാനം', സംവിധാനം സിദ്ധാർഥ് ശിവ - സിദ്ധാർത്ഥ് ശിവ
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം 'വർത്തമാന'ത്തിൽ സമകാലീന വിഷയങ്ങളും പ്രമേയമാകും.
ആര്യാടൻ ഷൗക്കത്തിന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ഗവേഷക വിദ്യാർഥിയുടെ കഥാപാത്രമാണ് പാർവതിക്ക്. യുവനടൻ റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡൽഹി സർവകലാശാലയിൽ ഗവേഷണം ചെയ്യാനെത്തുന്ന മലയാളി പെൺകുട്ടിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് സൂചനകൾ. സമകാലീന പ്രശ്‌നങ്ങളും ചിത്രം പ്രമേയമാക്കുന്നുണ്ട്. അളകപ്പനാണ് വർത്തമാനത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത്. ചാർലി സിനിമയിലൂടെ ശ്രദ്ധേയനായ ഷമീര്‍ മുഹമ്മദ് ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിർവഹിക്കുന്നു. പണ്ഡിറ്റ് രമേശ് നാരായണന്‍, ഹേഷം അബ്ദുള്‍ വഹാബ് എന്നിവരാണ് സംഗീതം. ബെൻസി നാസറിനൊപ്പം വർത്തമാനത്തിന്‍റെ തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്തും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.