സെലിബ്രിറ്റികള്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുമ്പോഴും അഭിപ്രായങ്ങള്‍ പറയുമ്പോഴും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എത്തുന്നത് പതിവാണ്. എല്ലാ വിഷയങ്ങളിലും തന്‍റേതായ നിലപാട് സ്വീകരിക്കാനും തുറന്ന് പറയാനും മടികാണിക്കാത്ത നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായ സൈബര്‍ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുകയാണ്.
ലൈംഗീകാരോപണ വിധേയനായ റാപ്പര്‍ വേടന്‍റെ ക്ഷമാപണ പോസ്റ്റിന് ലൈക്കിന് നല്‍കിയതാണ് കാരണം. പാര്‍വതിയുടെ സ്ത്രീപക്ഷ നിലപാടുകളെ സ്നേഹിച്ചവര്‍ പോലും ആ ലൈക്കിന് ശേഷം പാര്‍വതിക്ക് നേരെ തിരിഞ്ഞു. വേടന്‍റെ ക്ഷമാപണത്തിലെ ആത്മാര്‍ഥതയില്ലായ്‌മ മനസിലാക്കിയ പാര്‍വതി വൈകാതെ ലൈക്ക് പിന്‍വലിക്കുകയും ഇരകളോട് അടക്കം മാപ്പ് ചോദിക്കുകയും ചെയ്‌തിരുന്നു.
ക്ഷമാപണം നടത്തിയിട്ടും സൈബര്‍ ബുള്ളിയിങ് ഹരമാക്കി തന്നെ അധിക്ഷേപിക്കുന്നവര്‍ അറിയാന്‍ പുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
'കഠിനാധ്വാനം ചെയ്‌ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിന് താനൊരിക്കലും ലജ്ജിക്കാറില്ലെന്നും അതേസമയം നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വെച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോള്‍ വീഴുന്നത് ചിലപ്പോള്‍ നിങ്ങള്‍ തന്നെയായിരിക്കുമെന്നും' പാര്‍വതി കുറിച്ചു.