ലണ്ടൻ: ബ്രിട്ടീഷ് ബോക്‌സ് ഓഫീസിൽ റെക്കോർഡ് നേട്ടം കുറിച്ച് പാരസൈറ്റ്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ വിദേശ ഭാഷാ ചിത്രമെന്ന വിശേഷണവും ഇനി പാരസൈറ്റിന് സ്വന്തം. കഴിഞ്ഞ മാസം 7നാണ് യു.കെയിൽ ചിത്രം റിലീസ് ചെയ്‌തത്. 14.59 ദശലക്ഷം ഡോളറാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷൻ. 2004ൽ റിലീസ് ചെയ്‌ത ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന ചിത്രത്തിനെ മറികടന്നാണ് ബോങ് ജൂൻ ഹോ സംവിധാനം ചെയ്‌ത പാരസൈറ്റിന്‍റെ നേട്ടം. ചിത്രത്തിന്‍റെ ഔദ്യോഗിക വിതരണക്കാരായ കർസൺ ആർട്ടിഫിഷ്യൽ ഐ ആണ് റേക്കോർഡ് വിജയത്തെ കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്.
ഓസ്‌കറിന് ശേഷം യു.കെ ബോക്‌സോഫീസിൽ ചരിത്രം കുറിച്ച് പാരസൈറ്റ് - ബോങ് ജൂൻ ഹോ
2004ൽ റിലീസ് ചെയ്‌ത ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന ചിത്രത്തിന്‍റെ റൊക്കോർഡ് മറികടന്ന് യു.കെ ബോക്‌സ് ഓഫീസിൽ വൻ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് പാരസൈറ്റ് സ്വന്തമാക്കിയത്.
നേരത്തെ മികച്ച ചിത്രം, മികച്ച വിദേശ ചിത്രം, മികച്ച സംവിധായകൻ എന്നിവക്കുള്ള പുരസ്‌കാരങ്ങൾ അടക്കം ഈ വർഷത്തെ ഓസ്‌കാറിലും ഈ ദക്ഷിണ കൊറിയൻ ചിത്രം നിറഞ്ഞുനിന്നിരുന്നു. 257 മില്യൺ ഡോളർ രൂപയാണ് പാരസൈറ്റിന്‍റെ ആഗോളതലത്തിലുള്ള കളക്ഷൻ. ഇംഗ്ലീഷ് ഇതര ഭാഷയ്‌ക്ക് ഓസ്‌കാർ ലഭിക്കുന്ന രണ്ടാമത്തെ സംവിധായകൻ എന്ന ബഹുമതിയും ബോങ് ജൂൻ ഹോയ്‌ക്ക് സ്വന്തം. ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള സമരത്തിന്‍റെ പ്രമേയത്തിലൂടെ കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്‍റെയും കഥയാണ് പാരസൈറ്റ് പറഞ്ഞത്.