തിരുവനന്തപുരം:നാളെ പത്‌മരാജന്‍റെ 75-ാം ജന്മദിനവാർഷികം. അഭ്രപാളിയിലെ വിസ്‌മയസൃഷ്ടികളിലൂടെയും ചെറുകഥ, നോവൽ തുടങ്ങിയ സാഹിത്യരചനകളിലൂടെയും പത്മരാജൻ ഇന്നും മലയാളിയിൽ ജീവിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ജനുവരിയിൽ നടന്ന് നീങ്ങിയ മഹാരഥനെ അനുസ്‌മരിച്ച് ഓരോ ജന്മവാർഷികത്തിലും സിനിമാ, സാഹിത്യ മേഖല അദ്ദേഹത്തിന്‍റെ പേരിൽ പുരസ്‌കാരം നൽകി വരുന്നു.
മികച്ച സംവിധായകനുള്ള 2020ലെ പത്മരാജൻ പുരസ്കാരത്തിന് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സംവിധായകൻ ജിയോ ബേബി അർഹനായി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരത്തിന് 'ഹാസ്യം' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ ജയരാജിനെ തെരഞ്ഞെടുത്തു. സംവിധായകൻ ബ്ലെസി ചെയർമാനും ബീന രഞ്ജിനി, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് സിനിമാ പുരസ്കാരങ്ങൾ നിർണയിച്ചത്.