"രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും...ഓര്‍ക്കുക വല്ലപ്പോഴും...." മലയാള സിനിമ പിച്ചവെച്ചു തുടങ്ങുന്ന കാലം... കേട്ട പാട്ടുകൾ ഏറ്റുപാടാനാവാതെ മലയാളിക്ക് ഹിന്ദി, തമിഴ് അനുകരണങ്ങൾ വികലമായി തോന്നിയ ഘട്ടത്തിൽ നിന്നും കൈപിടിച്ചു നടത്തിയ കാരണവർ. സമൂഹവും യാഥാർഥ്യവും തമ്മിൽ ബന്ധിപ്പിച്ച് നീലക്കുയിൽ സംവിധാനം ചെയ്‌തപ്പോൾ മലയാള സിനിമയെ പുതിയ ദിശാബോധത്തിലേക്ക് കൂടി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ആ മഹാനുഭാവൻ. രാഷ്‌ട്രപതിയുടെ രജതകമലം ആദ്യമായി മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ ചലച്ചിത്രമായി പിന്നീട് ചരിത്രത്തിലെഴുതിച്ചേർത്ത നീലക്കുയിലിന്‍റെ സംവിധായകരിലൊരാൾ...
കവിയായും ഗാനരചയിതാവായും സംവിധായകനായും മാത്രമല്ല, നടനായും സ്വാതന്ത്ര്യ സമര സേനാനിയായും കമ്മ്യൂണിസ്റ്റുകാരനായും ആകാശവാണിയിലടക്കം സേവനമനുഷ്‌ഠിച്ച് മാധ്യമപ്രവര്‍ത്തകനായും സാംസ്‌കാരിക കേരളത്തിന്‍റെ വളർച്ചക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു.
പി. ഭാസ്‌കരൻ... രാഷ്‌ട്രീയസമരങ്ങളും ഒളിവുജീവിതവും ജയിൽ വാസവും. എന്നാൽ, ഉർവശീ ശാപം ഉപകാരമെന്ന പോലെയായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയത്തിൽ നിന്നുള്ള പിന്മാറ്റം മലയാളസിനിമക്ക് നൈപുണ്യമുള്ള കലാകാരനെ ലഭിക്കാൻ ഉപകാരമായത്. മദ്രാസിലേക്ക് താമസം മാറിയതും ഗാനരചനയിതാവായി സിനിമയിലേക്ക് കടന്നുവരാൻ വഴിത്തിരിവായി.
1949ല്‍ അപൂര്‍വ്വസഹോദരര്‍കള്‍ എന്ന തമിഴ് ചിത്രം. ചിത്രത്തിലെ വിവിധ ഭാഷകളിലൊരുക്കിയ ഗാനത്തിൽ ഏതാനും മലയാളം വരികൾ എഴുതി ഭാസ്‌കരൻ മാഷ് സിനിമയുടെ ഹരിശ്രീ കുറിച്ചു. മലയാളത്തിലെ തുടക്കം തൊട്ടടുത്ത വർഷം ചന്ദ്രികയിൽ. പിന്നീട് 250 ചിത്രങ്ങളിലായി 3000ലധികം ഗാനങ്ങൾ ആ തൂലികയിലൂടെ സിനിമക്ക് ലഭിച്ചു.
മലയാളത്തിന്‍റെ സൗന്ദര്യവും മണ്ണിന്‍റെ നനവും, കാറ്റിന്‍റെ സുഗന്ധവും കാട്ടാറിന്‍റെ ഓളവും... മഞ്ഞലയിൽ മുങ്ങിത്തോർത്തിയും അഞ്ചനക്കണ്ണെഴുതിയും അല്ലിയാമ്പൽക്കടവിൽ കൊതുമ്പുവള്ളത്തിൽ തുഴഞ്ഞ പ്രണയവുമെല്ലാം മലയാളത്തിൽ സ്‌ഫുടം ചെയ്‌ത് പി. ഭാസ്‌കരൻ എഴുതി.
എന്‍റെ സ്വപ്‌നത്തിൻ താമരപൊയ്‌കയിൽ വന്നിറങ്ങിയ രൂപവതീ, ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ, താമസമെന്തേ വരുവാൻ പ്രാണസഖീ, അല്ലിയാമ്പൽ കടവിൽ, കാട്ടിലെ പാഴ്‌മുളം തണ്ടിൽ നിന്നും, എല്ലാരും ചൊല്ലണ്, ഏഴിമല പൂഞ്ചോല, വൃശ്ചിക രാത്രിതൻ, മാമലകൾക്കപ്പുറത്ത്... കാലം കാത്തുവെച്ച കാവ്യശിൽപിയിൽ നിന്നും ചലച്ചിത്രഗാനശാഖക്ക് ലഭിച്ച കുറേയേറെ ഗാനങ്ങൾ. നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു... കായലരികത്ത് വലയെറിഞ്ഞപ്പോൾ... കാത്തു സൂക്ഷിച്ചൊരീ കസ്‌തൂരി മാമ്പഴം, നാഴിയുരി പാലു കൊണ്ട്... രാഘവ സംഗീതത്തിലൂടെ മലയാളം കേട്ടുപാടിയ ഗാനങ്ങൾ ഭാസ്‌കരൻ മാഷിന്‍റെ ഭാവനയിൽ പിറന്നവയാണ്. സിനിമയേതെന്നോ കഥയെന്തെന്നോ നോക്കാതെ തലമുറകൾ കടന്നും അത് മലയാളി മൂളുന്നത് എഴുത്തുകാരന്‍റെ വിജയവും. "മന്മതനാം ചിത്രകാരൻ മഴവില്ലിൻ തൂലികയാലേ കിളിവാതിലിലിലെഴുതിച്ചേർത്ത മധുര ചിത്ര"ങ്ങളായി അവ മലയാള സംസ്‌കാരത്തിൽ ആലേഖനം ചെയ്‌തിരിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച മുസ്ലിം ഒപ്പന ഗാനങ്ങളും പ്രണയ ഗാനങ്ങളും, മിക്കവയും ഭാസ്കരന്‍ മാഷിന്‍റെ രചനകളാണ്... പതിനാലാം രാവ്, കുട്ടിക്കുപ്പായം സിനിമയിലെ പാട്ടുകൾ അവക്ക് ഉദാഹരണം.