ഇതിഹാസ കഥനത്തിന്‍റെ പീഠത്തിലിരുന്ന് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒവി വിജയൻ തെറുത്തടുത്ത ഖസാക്കെന്ന പ്രവാചക ഭൂമിയുടെ നാഗരികത. എത്ര വര്‍ഷങ്ങള്‍ പിന്നിട്ടു, ആരും ആരും അറിയാത്ത തസ്രാക്കെന്ന പാലക്കാടൻ ഗ്രാമം ഒരു കാഥികന്‍റെ വരമൊഴിയിലൂടെ ഖസാക്കെന്ന ഇതിഹാസ ഭൂമിയായി കഴിഞ്ഞിട്ട്. എന്നിട്ടും പകരം വയ്ക്കാനില്ലാത്ത ഒരു അപൂര്‍വ സാഹിത്യകൃതി. ഇതിഹാസത്തിന്‍റെ ആ പുസ്തകം എഴുത്തിന്‍റെ മലയാള സാഹിത്യ ചരിത്രത്തെ അപ്പുറവും ഇപ്പുറവുമായി തിരിച്ചു.
രവിയുടെ ഞാറ്റുപുരയും ഓത്തുപള്ളിയും അള്ളാപിച്ച മൊല്ലാക്കയും ഒരു ഗ്രാമത്തിന്‍റെ സ്പന്ദനം മാത്രമല്ല, മലയാള സാഹിത്യത്തിന്‍റെ വിസ്മയം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പകരം വയ്ക്കാനല്ലിത്ത ഇതിഹാസമായി ഖസാക്കിന്‍റെ ഇതിഹാസം ഇന്നും നിലക്കൊള്ളുമ്പോള്‍ മലയാള സാഹിത്യത്തിന്‍റെ തലതൊട്ടപ്പനായി ഒവി വിജയൻ മലയാളിയുടെ വായനയില്‍ എന്നുമുണ്ടാവും. 1930 ജൂലൈ 2ന് പാലക്കാട് ജില്ലയിലെ വിളയൻ ചാത്തന്നൂരിലാണ് ഒ.വി വിജയൻ എന്ന മഹാപ്രതിഭ ജനിച്ചത്. ഇന്ന് 91മത് ജന്മദിനം.
ആനന്ദ്, എം. മുകുന്ദൻ, കാക്കനാടൻ എന്നിവരുടെ സമകാലികനായി സാഹിത്യ രംഗത്ത് പ്രവേശിച്ച വിജയൻ ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മലയാള സാഹിത്യത്തിൽ പകരക്കാരില്ലാത്ത ഇതിഹാസമായി. മനുഷ്യമനസിലേക്കും സമൂഹത്തിലേക്കും പ്രതിഷ്ഠിച്ച കണ്ണാടി ആയിരുന്നു വിജയനും അദ്ദേഹത്തിന്‍റെ കൃതികളും. മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരിക്കാതെ വയ്യ.
അസന്ദിഗ്ദ്ധതകളെ മുറുകെ പിടിച്ച കവി
മനുഷ്യ ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളെ കടല്‍ തീരത്ത് കഥയിലെ വെള്ളായിയപ്പനിലൂടെയും ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ കഥകളിലൂടെയുമെല്ലാം വിജയൻ അവതരിപ്പിച്ചു. ഇന്ത്യൻ ഭാഷാസാഹിത്യത്തിൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിച്ച ഒന്നായിരുന്നു ഖസാക്കിന്‍റെ ഇതിഹാസം. കാലാതിവർത്തിയും ശ്രേഷ്ഠവുമായാണ് പാലക്കാടൻ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്കും രവിയും കുഞ്ഞാമിനയുമെല്ലാം. മനുഷ്യന്‍റെ ഉള്ളിലെ അസ്തിത്വ വിഷാദവും പാപബോധവും ആഴ്ന്ന് കിടക്കുന്ന ഖസാക്കിന്‍റെ ഇതിഹാസം മലയാള നോവൽ സാഹിത്യ ചരിത്രത്തെ 'ഖസാക്ക് പൂർവകാലഘട്ടമെന്നും ഖസാക്കാനന്തര കാലഘട്ടമെന്നും' നെടുകെ പകുത്തു.