സമകാലിക വിഷയങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ പ്രചാരമേറിയ മാഗസിൻ ഔട്ട്ലുക്കിന്‍റെ ജൂലൈ പതിപ്പ് കീഴടക്കിയിരിക്കുന്നത് നവ മലയാളസിനിമകളാണ്. മാഗസിന്‍റെ കവർ ചിത്രമടക്കം ഉള്ളടക്കത്തിൽ ചർച്ചയാവുന്നതാകട്ടെ ജോജി മുതൽ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ വരെയുള്ള ഒടിടി റിലീസ് ചിത്രങ്ങളും.
ജൂലൈ ലക്കത്തിലെ ഔട്ട്ലുക്ക് മാഗസിനില്‍ ദിലീഷ് പോത്തന്‍- ഫഹദ് ഫാസിൽ ചിത്രം ജോജിയാണ് കവര്‍ ചിത്രമായി ഇടംപിടിച്ചത്. ജോജി, കള, സീ യൂ സൂണ്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ തുടങ്ങിയ മലയാള ചലച്ചിത്രങ്ങൾ ഒടിടിയിൽ സൃഷ്‌ടിച്ച ഓളത്തെ കുറിച്ചാണ് മാഗസിൻ ചർച്ച ചെയ്യുന്നത്.
കൊവിഡിൽ ഒടിടി റിലീസുകളുമായി മലയാളസിനിമ
കൊവിഡ് കാലത്തെ എല്ലാ പരിമിതികളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ചിത്രീകരിച്ച സിനിമകളും, കൊവിഡ് പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രങ്ങളും ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലുണ്ടാക്കിയ മുന്നേറ്റത്തെ കുറിച്ചും മാഗസിൻ സംസാരിക്കുന്നു. ഒടിടി റിലീസിലൂടെ കേരളത്തിന് പുറത്തേക്കും കാണികളെ സൃഷ്‌ടിച്ച മലയാള ചിത്രങ്ങൾ, തിയേറ്ററുകൾ തുറക്കാത്ത പ്രതിസന്ധിയെ ഒടിടി റിലീസിലൂടെ എങ്ങനെ മറികടന്നുവെന്നും ഔട്ട്ലുക്ക് വ്യക്തമാക്കുന്നുണ്ട്.
More Read:'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ഒരു ഓർമപ്പെടുത്തൽ: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്
മഹാമാരിയുടെ കാലഘട്ടത്തിൽ കൊവിഡിലെ ചിത്രീകരണവും റിലീസുമടക്കം സിനിമയുടെ സാർവത്രികമേഖലയും സാരമായി ബാധിക്കപ്പെട്ടെങ്കിലും, ഏറ്റവും വേഗത്തില്‍ പ്രതികരിച്ചത് മലയാള സിനിമാവ്യവസായമാണെന്ന് നേരത്തെയും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.