വാഷിങ്ടണ്‍:മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഓസ്‌കാര്‍ വീണ്ടും പഴയപടിയിലേക്ക്. മാര്‍ച്ച് 27ന് നടക്കുന്ന 94ാമത് ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങിന് ഒരു ഹോസ്‌റ്റ് ഉണ്ടായിരിക്കും. 2018ന് ശേഷം ഈ വര്‍ഷമാണ് ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ക്ക് ഒരു ഹോസ്‌റ്റ് എത്തുന്നത്.
Oscars to have host after three years: മൂന്ന് വർഷത്തിന് ശേഷം ഇത്തവണ ഓസ്‌കാര്‍ വേദിയിലേക്ക് ഹോസ്‌റ്റ് മടങ്ങിയെത്തുന്നതെന്ന് ഹുലു ഒറിജിനൽസിന്‍റെയും എബിസി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെയും പ്രസിഡന്‍റ് ക്രെയ്‌ഗ് എർവിച്ച് പ്രഖ്യാപിച്ചു. അതേസമയം ചടങ്ങിന് ആതിഥേയത്വം വഹിക്കുന്ന വ്യക്തിയുടെ വിവരം പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കിടുമെന്നും എർവിച്ച് അറിയിച്ചു.
കൊമേഡിയനായ ജിമ്മി കിമ്മല്‍ ആണ് ഓസ്‌കാര്‍ വേദിയിലെ ഏറ്റവും ഒടുവിലത്തെ അവതാരകന്‍. 2018ലാണ് അദ്ദേഹം ഓസ്‌കാര്‍ വേദിയില്‍ അവതാരകനായെത്തിയത്. 2019ല്‍ കെവിന്‍ ഹാര്‍ട്ടിനെ അവതാരകനായി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ വിവാദ സ്വവര്‍ഗഭോഗ ട്വീറ്റുകളെ തുടര്‍ന്ന് അദ്ദേഹം സ്വയം പിന്‍വാങ്ങി. 2019ല്‍ അവതാരകന്‍ ഇല്ലാതെയായിരുന്നു ഓസ്‌കാര്‍ അവാര്‍ഡ്.
2017ലും ജിമ്മി കിമ്മല്‍ ആണ് അവതാരകനായെത്തിയത്. 2016ല്‍ ക്രിസ് റോക്ക്, 2015ല്‍ നീൽ പാട്രിക് ഹാരിസ്, 2014ല്‍ എല്ലെൻ ഡിജെനെറസ്, 2013ല്‍ സേത്ത് മക്‌ഫാർലെയ്ൻ, 2012ല്‍ ബില്ലി ക്രിസ്‌റ്റല്‍, 2011ല്‍ ജെയിംസ് ഫ്രാങ്കോ/ആൻ ഹാത്‌വേ എന്നിവരുമായിരുന്നു മുന്‍ വര്‍ഷങ്ങളിലെ അവതാരകര്‍.